കൊച്ചി: അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി നിർമാതാക്കളുടെ സംഘടനയിൽ നിന്ന് നടിയും നിർമാതാവുമായ സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിക്ക് സ്റ്റേ. സാന്ദ്ര തോമസിന്റെ അംഗത്വം റദ്ദാക്കിയ നടപടി എറണാകുളം സബ് കോടതിയാണ് സ്റ്റേ ചെയ്തത്. അന്തിമ ഉത്തരവ് വരുംവരെ സാന്ദ്രയ്ക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ തുടരാം.
സാന്ദ്ര തോമസ് നൽകിയ ഉപഹരജിയിലാണ് സബ് കോടതിയുടെ ഉത്തരവ്. തന്നെ പുറത്താക്കിയ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സാന്ദ്ര എറണാകുളം സബ് കോടതിയെ സമീപിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിട്ടതിന് പിന്നാലെ, നിർമാതാക്കളുടെ സംഘടനയെ സാന്ദ്ര രൂക്ഷമായി വിമർശിച്ചിരുന്നു.
സിനിമയുടെ തർക്കപരിഹാരവുമായി ബന്ധപ്പെട്ട യോഗത്തിൽ ലൈംഗികാധിക്ഷേപം നേരിട്ടെന്ന സാന്ദ്രയുടെ പരാതിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ പോലീസ് കേസുമെടുത്തിരുന്നു. പിന്നാലെയാണ് സംഘടനയുടെ സൽപ്പേരിന് കളങ്കം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി സാന്ദ്രയെ പുറത്താക്കിയത്. വിശദീകരണം നൽകാതെയാണ് പുറത്താക്കിയതെന്നും വിഷയത്തിൽ കോടതി ഇടപെടണമെന്നും സാന്ദ്ര തോമസ് ഹരജിയിൽ പറഞ്ഞിരുന്നു.
Most Read| വവ്വാലുകൾക്കായി സൗന്ദര്യ മൽസരം! അണിനിരക്കുക വിചിത്രമായ പേരുകളുള്ളവ