തിരുവനന്തപുരം: 29ആംമത് രാജ്യാന്തര ചലച്ചിത്ര മേള (ഐഎഫ്എഫ്‌കെ) സമാപിച്ചു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്‌തു. എട്ട് ദിവസം തലസ്‌ഥാന നഗരിക്ക് ലോക സിനിമയുടെ വിസ്‌മയ കാഴ്‌ചയൊരുക്കിയാണ് ചലചിത്രോൽസവത്തിന് തിരശീല വീണത്.
ചടങ്ങിൽ ‘സ്‌പിരിറ്റ് ഓഫ് സിനിമ’ അവാർഡ് സംവിധായക പായൽ കപാഡിയയ്‌ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. അഞ്ചുലക്ഷം രൂപയും ഫലകവുമാണ് സമ്മാനം. ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്‌ത ‘ഫെമിനിച്ചി ഫാത്തിമ’ അഞ്ച് പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്. പെഡ്രെ ഫ്രെയെർ സംവിധാനം ചെയ്‌ത ‘മലു’ മികച്ച സിനിമയ്‌ക്കുള്ള സുവർണ ചകോരം കരസ്‌ഥമാക്കി.
സംവിധായകനും നിർമാതാക്കൾക്കുമായി 20 ലക്ഷം രൂപയും പ്രശസ്‌തി പത്രവും സുവർണ ചകോരത്തിനൊപ്പം സമ്മാനിച്ചു. മികച്ച നവാഗത സംവിധാനത്തിനുള്ള രജത ചകോരം ചിലിയെൻ ചിത്രം ‘ദ് ഹൈപ്പർബോറിയൻസ്’ സംവിധാനം ചെയ്‌ത ക്രിസ്‌റ്റോബൽ ലിയോണിനും ജോക്വിൻ കോസിനും ലഭിച്ചു. ഹർഷാദ് ഹാഷ്‌മിയാണ് മികച്ച സംവിധായകൻ. ചിത്രം ‘മി മറിയം: ദ് ചിൽഡ്രൻ ആൻഡ് 26 അദേഴ്‌സ്’.
പോളിങ്ങിലൂടെ തിരഞ്ഞെടുത്ത മികച്ച പ്രേക്ഷക ചിത്രത്തിനുള്ള പുരസ്‌കാരവും ഫെമിനിച്ചി ഫാത്തിമയ്‌ക്കാണ്. ലോക രാഷ്‌ട്രങ്ങളിലെ മനുഷ്യാവസ്‌ഥകളും ജനങ്ങൾ കടന്നുപോകുന്ന സങ്കീർണമായ ജീവിത സാഹചര്യങ്ങളും അടുത്തറിയാനും വരുമായി മാനസികമായി ഐക്യപ്പെടാനുമുള്ള വേദിയായി ഐഎഫ്എഫ്‌കെ മാറിയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു.
15 തിയേറ്ററുകളിലായി 68 രാജ്യങ്ങളിൽ നിന്നുള്ള 177 സിനിമകൾ പ്രദർശിപ്പിച്ചു. 13,000 ഡെലിഗേറ്റുകളും ഇത്തവണ പങ്കെടുത്തു. മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പിന്നണി പ്രവർത്തകർ, മാദ്ധ്യമ പ്രവർത്തകർ, അതിഥികൾ, ഒഫീഷ്യൽസ്, സ്പോൺസർമാർ എന്നിവരുൾപ്പടെ 15,000ത്തിൽപ്പരം പേരുടെ സജീവമായ പങ്കാളിത്തം മേളയിൽ ഉണ്ടായി. വിദേശത്ത് നിന്നുൾപ്പെടെ 238 ചലച്ചിത്ര പ്രവർത്തകരും ഇത്തവണ ഐഎഫ്എഫ്‌കെയിൽ പങ്കെടുത്തു.
Most Read| ഐഇഎസ് പരീക്ഷയിൽ യോഗ്യത നേടിയവരിൽ മലയാളി തിളക്കം; അഭിമാനമായി അൽ ജമീല