കോഴിക്കോട്: ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആയി നിയമിക്കാൻ തീരുമാനം. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. ഡിസംബർ ഒമ്പതിന് ഇറക്കിയ സ്‌ഥലംമാറ്റ ഉത്തരവ് അതേപടി തുടരാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതോടെ കഴിഞ്ഞ രണ്ടു ദിവസമായി നടന്നുവരുന്ന കസേരക്കളിക്കാണ് പരിഹാരം ഉണ്ടായിരിക്കുന്നത്.
ഡോ. രാജേന്ദ്രന് മുൻകൂട്ടി നിശ്‌ചയിച്ചത് പ്രകാരം തിരുവനന്തപുരം ഡയറക്‌ടറേറ്റിലേക്ക് പോകാം. സ്‌ഥലം മാറ്റം സംബന്ധിച്ച് ഡിസംബർ ഒമ്പതിനിറങ്ങിയ ഉത്തരവോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. കോഴിക്കോട് ഡിഎംഒ സ്‌ഥാനത്ത് നിന്ന് ഡോ. രാജേന്ദ്രനെ ആരോഗ്യവകുപ്പ് ഡയറക്‌ടറേറ്റിൽ അഡീഷണൽ ഡയറക്‌ടറായും എറണാകുളം ഡിഎംഒ ആയിരുന്ന ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആയും സ്‌ഥലം മാറ്റം ചെയ്‌തുകൊണ്ടുള്ള ഉത്തരവായിരുന്നു ഇത്.
എന്നാൽ, രണ്ടു ദിവസത്തിന് ശേഷം കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്ന് സ്‌ഥലം മാറ്റത്തിൽ സ്‌റ്റേ വാങ്ങിയ രാജേന്ദ്രൻ കോഴിക്കോട് ഡിഎംഒ ആയി തുടർന്നു. അവധിയിൽ പ്രവേശിച്ച ആശാദേവി സ്‌ഥലം മാറ്റ ഉത്തരവ് സ്‌റ്റേ ചെയ്‌ത നടപടി ട്രൈബ്യൂണൽ പിൻവലിച്ചെന്ന് അറിഞ്ഞാണ് ഓഫീസിലെത്തിയത്. എന്നാൽ, ജോലിയിൽ നിന്ന് മാറണം എന്ന ഉത്തരവ് കിട്ടിയില്ലെന്ന് പറഞ്ഞ് രാജേന്ദ്രൻ സ്‌ഥാനത്ത് തുടരുകയായിരുന്നു.
മാറാൻ തയ്യാറല്ലെന്ന് രാജേന്ദ്രൻ നിലപാട് സ്വീകരിച്ചതോടെ കോഴിക്കോട് ഡിഎംഒ ഓഫീസിലെ കാബിനിൽ രണ്ടുപേർ ഒന്നിച്ചിരിക്കുന്ന സ്‌ഥിതിയിലേക്കെത്തി. നിയമപ്രകാരം താനാണ് ഡിഎംഒ എന്ന് രാജേന്ദ്രനും, വിധി തനിക്ക് അനുകൂലമാണെന്ന് ആശാദേവിയും നിലപാടെടുത്തു. കസേരക്കളി തുടർന്നതോടെയാണ് ആരോഗ്യവകുപ്പ് പുതിയ ഉത്തരവിറക്കിയത്.
രാജേന്ദ്രൻ ഉടൻ ആരോഗ്യവകുപ്പ് ഡയറക്‌ടറേറ്റിൽ ജോയിൻ ചെയ്യണമെന്നും ആശാദേവി കോഴിക്കോട് ഡിഎംഒ ആയി ചാർജെടുക്കണമെന്നും ഉത്തരവിൽ പറയുന്നു. അല്ലാത്തപക്ഷം നടപടി ഉണ്ടായേക്കുമെന്നും ഉത്തരവിലുണ്ട്.
Most Read| നിർണായക തീരുമാനവുമായി ബൈഡൻ; യുഎസിൽ 37 പേരുടെ വധശിക്ഷ റദ്ദാക്കി