കോഴിക്കോട്: അവധിയെടുത്ത് നാട്ടിലേക്ക് പുറപ്പെട്ട ശേഷം കാണാതായ മലയാളി സൈനികനെ കണ്ടെത്തി. എരഞ്ഞിക്കൽ കണ്ടംകുളങ്ങര ചെറിയകാരംവള്ളി സ്വദേശി വിഷ്ണുവിനെ (30) ഇന്നലെ രാത്രിയാണ് ബെംഗളൂരുവിൽ നിന്ന് എലത്തൂർ പോലീസ് കണ്ടെത്തിയത്. ബെംഗളൂരു മെജസ്റ്റിക് റെയിൽവേ സ്റ്റേഷന് സമീപം വെച്ചാണ് പോലീസ് സംഘം ഇയാളെ കണ്ടെത്തിയത്.
വിഷ്ണുവിനെ ഇന്ന് നാട്ടിലെത്തിക്കും. സാമ്പത്തിക പ്രയാസം കാരണമാണ് നാട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വന്നതെന്നാണ് വിഷ്ണുവിന്റെ മൊഴി. കഴിഞ്ഞ ജനുവരിയിൽ വിഷ്ണുവിന്റെ വിവാഹമുറപ്പിച്ചിരുന്നു. പൂണെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്ന ബോക്സിങ് താരം കൂടിയായ വിഷ്ണുവിനെ ഡിസംബർ 17ന് പുലർച്ചെ മുതലാണ് കാണാതായത്.
ലീവിന് നാട്ടിലേക്ക് വരുന്നുണ്ടെന്ന് ഡിസംബർ 16ന് അമ്മയെ ഫോണിൽ വിളിച്ചു അറിയിച്ചിരുന്നു. 17ന് കണ്ണൂരിലെത്തിയതായി വാട്സ് ആപ് സന്ദേശം കൈമാറുകയും ചെയ്തു. രാത്രിയായിട്ടും വീട്ടിലെത്താതിരിക്കുകയും ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതിരിക്കുകയും ചെയ്തതോടെയാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്.
എലത്തൂർ സബ് ഇൻസ്പെക്ടർ മുഹമ്മദ് സിയാദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ അതുൽ കുമാർ, സിവിൽ പോലീസ് ഓഫീസർ വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് വിഷ്ണുവിനെ കണ്ടെത്തിയത്. മൊബൈൽ സ്വിച്ച് ഓഫായിരുന്നതിനാൽ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. വിഷ്ണുവിന്റെ ചില സുഹൃത്തുക്കളിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ബെംഗളൂരുവിൽ എത്തിയത്.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം


































