കൊച്ചി: പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ ഹരജിയിൽ നിർദ്ദേശവുമായി ഹൈക്കോടതി. ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് അനുമതി നൽകുന്ന കാര്യത്തിൽ അധികൃതർ ജനുവരി രണ്ടിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
വെടിക്കെട്ട് നടത്തുന്നവർക്ക് ഫയർ ഡിസ്‌പ്‌ളേ അസിസ്‌റ്റന്റ് അല്ലെങ്കിൽ ഫയർ ഡിസ്‌പ്‌ളേ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് നൽകുന്ന ചീഫ് എക്‌സ്‌പ്ളോസീവ് കൺട്രോളറും അനുമതി നൽകുന്ന കാര്യത്തിൽ തൃശൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റുമാണ് രണ്ടിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്.
വെടിക്കെട്ട് നടത്തുമ്പോൾ വെടിക്കെട്ട് പുരയിൽ സ്‌ഫോടക സാമഗ്രികൾ സൂക്ഷിക്കില്ലെന്ന് ദേവസ്വങ്ങൾ നൽകിയ ഉറപ്പും പരിഗണിച്ച് വേണം തീരുമാനമെടുക്കാനെന്നും ജസ്‌റ്റിസ് പിഎം മനോജ് നിർദ്ദേശം നൽകി. ജനുവരി മൂന്നിന് പാറമേക്കാവിന്റെയും അഞ്ചിന് തിരുവമ്പാടിയുടെയും വേല നിശ്‌ചയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അതിന് മുൻപ് തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.
കഴിഞ്ഞ ഒക്‌ടോബറിൽ സ്‌ഫോടകവസ്‌തു ചട്ടങ്ങൾ കേന്ദ്ര സർക്കാർ ഭേദഗതി ചെയ്‌തിരുന്നു. ഇതനുസരിച്ച് സ്‌ഫോടക വസ്‌തുക്കൾ സൂക്ഷിക്കുന്ന സ്‌ഥലവും വെടിക്കെട്ട് നടക്കുന്ന സ്‌ഥലവും തമ്മിൽ 200 മീറ്റർ അകലം വേണം. തൃശൂരിൽ വെടിക്കെട്ട് നടക്കുന്ന തേക്കിൻകാട് മൈതാനവും വെടിക്കോപ്പുകൾ സൂക്ഷിക്കുന്ന സ്‌ഥലവുമായി 81 മീറ്റർ അകാലമേയുള്ളൂ.
മാത്രമല്ല, ഭേദഗതി നിർദ്ദേശിക്കുന്ന തരത്തിൽ ഫയർ ഡിസ്‌പ്‌ളേ അസിസ്‌റ്റന്റ് അല്ലെങ്കിൽ ഫയർ ഡിസ്‌പ്‌ളേ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുമില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കളക്‌ടർ വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്. ഇരു ദേവസ്വങ്ങളും ഇത് ചോദ്യം ചെയ്‌ത് കോടതിയെ സമീപിക്കുകയായിരുന്നു. പരമ്പരാഗതമായി നടത്തപ്പെടുന്നതാണ് വേല വെടിക്കെട്ട് എന്നും ഇതുവരെ അപകടങ്ങൾ ഉണ്ടായിട്ടില്ലെന്നും ദേവസ്വങ്ങൾ ചൂണ്ടിക്കാട്ടി.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’







































