ന്യൂഡെൽഹി: വയനാട് എംപിയും കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി മുൻ എംപിയും ബിജെപി നേതാവുമായ രമേശ് ബിധുരി. താൻ വിജയിച്ചാൽ മണ്ഡലത്തിലെ റോഡുകൾ പ്രിയങ്കാ ഗാന്ധിയുടെ കവിളുപോലെ മിനുസമുള്ളതാക്കും എന്നായിരുന്നു രമേശ് ബിധുരിയുടെ പരാമർശം.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഡെൽഹിയിലെ കൽക്കാജി മണ്ഡലത്തിൽ ബിജെപിയുടെ സ്ഥാനാർഥിയായി രമേശ് ബിധുരിയെ പാർട്ടി പ്രഖ്യാപിച്ചിരുന്നു. അതേസമയം, ബിജെപി നേതാവിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി.
ബിജെപി സ്ത്രീവിരുദ്ധ പാർട്ടിയാണെന്ന് പറഞ്ഞ കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേത്, പാർട്ടി ഉന്നത നേതൃത്വം പ്രിയങ്കയോട് കൈകൂപ്പി മാപ്പ് ചോദിക്കണമെന്നും ആവശ്യപ്പെട്ടു. പരാമർശം ബിധുരിയുടെ വികലമായ മനോനില പ്രതിഫലിപ്പിക്കുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു. ബിധുരിയുടെ പരാമർശത്തിനെതിരെ ആംആദ്മി പാർട്ടിയും രംഗത്തെത്തിയിരുന്നു.
അതിനിടെ, പരാമർശത്തെ ന്യായീകരിച്ച് രമേശ് ബിധുരി രംഗത്തെത്തിയിരുന്നു. ബിഹാറിലെ റോഡുകൾ ഹേമമാലിനിയുടെ കവിളുകൾ പോലെയാക്കുമെന്ന ലാലു പ്രസാദ് യാദവിന്റെ പരാമർശം ഓർമിപ്പിച്ചായിരുന്നു ബിധുരിയുടെ ന്യായീകരണം. ഹേമ മാലിനിക്കെതിരായ പരാമർശത്തിൽ ലാലു പ്രസാദ് യാദവിനെ ഒറ്റപ്പെടുത്താത്തവർ എങ്ങനെയാണ് തന്നെ ചോദ്യം ചെയ്യുകയെന്നായിരുന്നു ബിധുരിയുടെ ചോദ്യം. നേട്ടങ്ങളുടെ പട്ടിക നോക്കിയാൽ പ്രിയങ്കയേക്കാൾ എത്രയോ മുകളിലാണ് ഹേമ മാലിനിയെന്നും ബിധുരി കൂട്ടിച്ചേർത്തു.
നേരത്തെ, ബിഎസ്പി എംപിയായിരുന്ന ഡാനിഷ് അലിക്കെതിരെ വിദ്വേഷ പരാമർശം നടത്തി രമേശ് ബിധുരി വിവാദത്തിലകപ്പെട്ടിരുന്നു. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ നടത്തിയ പരാമർശത്തിൽ ബിധുരിക്കെതിരെ വലിയ വിമർശനവും ഉയർന്നിരുന്നു. പിന്നാലെ, ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ബിധുരിക്ക് സീറ്റ് നിഷേധിച്ചിരുന്നു. ഇത്തവണ കൽക്കാജി മണ്ഡലത്തിൽ നിലവിലെ ഡെൽഹി മുഖ്യമന്ത്രി അതിഷിയെയും മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷ അൽക ലാംബയേയുമാണ് ബിധുരി നേരിടുന്നത്.
അതിനിടെ, വിവാദ പ്രസ്താവന രമേശ് ബിധുരി പിൻവലിച്ചുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പരാമർശത്തിൽ താൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നും വാക്കുകൾ തിരിച്ചെടുക്കുന്നുവെന്നും മാധുരി പറഞ്ഞു. നേരത്തെ ബിധുരി പരാമർശത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു.
Most Read| ഓരോ ആറുമണിക്കൂറിലും ഒരു ഇന്ത്യക്കാരനെ വീതം നാടുകടത്തി യുഎസ്; ആശങ്ക








































