മലപ്പുറം: ജില്ലയിലെ പ്രമേഹ രോഗികളുടെ എണ്ണം കുറയ്‌ക്കാൻ പുതിയ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. ഘട്ടംഘട്ടമായ പ്രവർത്തനങ്ങളിലൂടെയും പ്രചാരണ പരിപാടികളിലൂടെയും പത്തുവർഷം കൊണ്ട് ജില്ലയിലെ പ്രമേഹ രോഗികളുടെ എണ്ണം പത്ത് ശതമാനത്തിൽ താഴെയാക്കി മാറ്റാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.
ഇതിനായി ഹോട്ടലുകളിൽ ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കുന്ന വിധത്തിൽ ഹെൽത്തി പ്ളേറ്റുകൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്‌ടർ വിആർ വിനോദ് അറിയിച്ചു. ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ജീവിതശൈലീരോഗ നിയന്ത്രണ ക്യാംപയിനുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചസാരയും കാർബോ ഹൈഡ്രെറ്റ്‌സും കുറവുള്ള പോഷക സമൃദ്ധമായ ഭക്ഷണം ഹോട്ടലുകളിൽ ലഭ്യമാക്കുക എന്നതാണ് ഹെൽത്തി പ്ളേറ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്ത് ഭക്ഷണം കഴിക്കണമെന്നത് ഒരു വ്യക്‌തിയുടെ സ്വന്തം തിരഞ്ഞെടുപ്പാണ്. എന്നാൽ, ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനും അത് ലഭ്യമാക്കുന്നതിനുമാണ് ജില്ലാ ഭരണകൂടം മുൻകൈയെടുക്കുന്നത്.
ഇതുവഴി പ്രമേഹം ഉൾപ്പടെയുള്ള ജീവിതശൈലീ രോഗങ്ങളിൽ നിന്ന് പൂർണമായും മുക്‌തി നേടാനാവുമെന്നും കളക്‌ടർ വിശദീകരിച്ചു. സർക്കാർ ജീവനക്കാർക്കിടയിൽ വ്യായാമം പ്രോൽസാഹിപ്പിക്കുമെന്നും കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധന നടത്തുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക യോഗത്തിൽ പറഞ്ഞു.
Most Read| കോടികളുടെ ആസ്‌തി; താമസം സ്‌റ്റോർ റൂമിന് സമാനമായ വീട്ടിൽ, സഞ്ചാരം സൈക്കിളിൽ