മലപ്പുറം: നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്‌ത്രീ മരിച്ചു. മൂത്തേടം ഉച്ചക്കുളം നഗറിലെ കരിയന്റെ ഭാര്യ സരോജിനിയാണ് (52) മരിച്ചത്. ഇന്ന് രാവിലെ 11.30ഓടെയാണ് സരോജിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിന് തൊട്ടുപിറകിലെ വനത്തിൽ ആടിനെ മേയ്‌ക്കാൻ പോയതായിരുന്നു സരോജിനി. ആന പിറകിൽ നിന്ന് സരോജിനിയെ അടിച്ചു വീഴ്‌ത്തുകയായിരുന്നു എന്നാണ് സംശയം. പത്ത് ദിവസം മുൻപ് മലപ്പുറം കരുളായിയിൽ ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചിരുന്നു. കരുളായിയിൽ നിന്ന് 25 കിലോമീറ്റർ അകലെ താമസിക്കുന്ന പൂച്ചപ്പാറ മണി (40) ആണ് മരിച്ചത്.
മണിയുടെ മരണത്തിന് പിന്നാലെ നിലമ്പൂരിൽ വലിയ പ്രതിഷേധമായിരുന്നു അരങ്ങേറിയത്. പിവി അൻവറിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സംഘം നിലമ്പൂർ ഫോറസ്‌റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തുകയും അത് അൻവറിന്റെ അറസ്‌റ്റിലേക്ക് ഉൾപ്പടെ നീങ്ങുകയും ചെയ്‌തിരുന്നു. പിന്നാലെയാണ്, മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരുമരണം കൂടി സംഭവിച്ചിരിക്കുന്നത്.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്