ന്യൂഡെൽഹി: 2024ലെ ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിനെ കുറിച്ച് മാർക്ക് സക്കർബർഗ് നടത്തിയ വിവാദ പരാമർശത്തിൽ ഇന്ത്യയോട് മാപ്പ് ചോദിച്ച് സോഷ്യൽ മീഡിയ കമ്പനിയായ മെറ്റ. വിഷയത്തിൽ മെറ്റയ്ക്ക് സമൻസ് അയക്കാൻ കഴിഞ്ഞദിവസം ചേർന്ന പാർലമെന്ററി സമിതി തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മെറ്റയുടെ മാപ്പപേക്ഷ.
മെറ്റ ഇന്ത്യയുടെ പബ്ളിക് പോളിസി വിഭാഗം വൈസ് പ്രസിഡണ്ട് ശിവനാഥ് തുക്രൽ ആണ് മാപ്പപേക്ഷയുമായി രംഗത്തെത്തിയത്. ”2024ലെ തിരഞ്ഞെടുപ്പിൽ അധികാരത്തിലിരുന്ന പല പാർട്ടികളും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടില്ല എന്ന മാർക്കിന്റെ നിരീക്ഷണം പല രാജ്യങ്ങളിലും സംഭവിച്ചു. പക്ഷേ, ഇന്ത്യയിൽ അങ്ങനെയല്ല. മാർക്കിന്റെ ഭാഗത്ത് നിന്നുവന്ന ഈ അശ്രദ്ധമായ തെറ്റിന് ഞങ്ങൾ ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നു. ഇന്ത്യ മേറ്റയുടെ ഏറ്റവും പ്രധാനപ്പെട്ട രാജ്യമായി തുടരും”- ശിവനാഥ് തുക്രൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ പോസ്റ്റിന് താഴെ കുറിച്ചു.
ജനുവരി പത്തിന് പ്രക്ഷേപണം ചെയ്ത പോഡ്കാസ്റ്റിലായിരുന്നു സക്കർബർഗിന്റെ പരാമർശം. കോവിഡ് മഹാമാരി, ലോകരാജ്യങ്ങളിൽ നിലവിൽ ഭരണത്തിലിരിക്കുന്ന സർക്കാരുകളുടെ വിശ്വാസ്യത ഇല്ലാതാക്കിയെന്നും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഭരണകക്ഷി കനത്ത പരാജയം ഏറ്റുവാങ്ങിയെന്നുമായിരുന്നു സക്കർബർഗിന്റെ പരാമർശം.
”2024 ലോകത്താകമാനം വമ്പൻ തിരഞ്ഞെടുപ്പുകളുടെ വർഷമായിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നു. എല്ലായിടത്തും ഭരണകക്ഷികൾ പരാജയപ്പെട്ടു. അതൊരു ആഗോള പ്രതിഭാസമാണ്. വിലക്കയറ്റം കാരണമായാലും സർക്കാരുകൾ കോവിഡിനെ നേരിടാൻ ഉപയോഗിച്ച സാമ്പത്തിക നയങ്ങൾ കാരണമായാലും അവർ കോവിഡിനെ നേരിട്ട രീതി കാരണമായാലും. അത് ആഗോളതലത്തിൽ ഇങ്ങനെയൊരു പ്രതിഫലനമാണുണ്ടാക്കിയത്”- സക്കർബർഗ് പറഞ്ഞു.
സക്കർബർഗിന്റെ പരാമർശം വലിയ വിവാദമായിരുന്നു. ഇതിനെതിരെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസം 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കോവിഡ് മഹാമാരിക്ക് ശേഷം വിവിധ രാജ്യങ്ങളിലെ സർക്കാരുകളോട് ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് പറഞ്ഞ സക്കർബർഗ് അതിനുദാഹരണമായാണ് 2024ൽ ഇന്ത്യയിലും ഭരണകക്ഷി പരാജയപ്പെട്ടെന്ന് പറഞ്ഞത്. സക്കർബർഗ് വ്യാജവിവരം പ്രചരിപ്പിച്ചത് ഖേദകരമാണെന്നും സത്യവും വിശ്വാസ്യതയും ഉയർത്തിപ്പിടിക്കണമെന്നും മെറ്റയെ ടാഗ് ചെയ്ത് അശ്വിനി കുറിച്ചിരുന്നു.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം