കോഴിക്കോട്: കാമുകനുമൊത്ത് ജീവിക്കുന്നതിനായി ഒന്നര വയസുകാരനായ മകനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മ ശരണ്യ ആത്‍മഹത്യാ ശ്രമം നടത്തി. കേസിൽ തളിപ്പറമ്പ് കോടതിയിൽ ഇന്ന് വിചാരണ തുടങ്ങാനിരിക്കെയാണ് സംഭവം.
കോഴിക്കോട് റെയിൽവേ സ്‌റ്റേഷനടുത്ത് ഹോട്ടലിൽ മുറിയെടുത്തതിന് ശേഷമാണ് ആത്‍മഹത്യയ്‌ക്ക് ശ്രമിച്ചത്. വിഷം കഴിച്ച നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ഹോട്ടൽ ജീവനക്കാർ ശരണ്യയെ ആശുപത്രിയിൽ എത്തിച്ചത്. ശരണ്യയുടെ കൂടെ ആരുമുണ്ടായിരുന്നില്ല.
2020 ഫെബ്രുവരി 17നായിരുന്നു സംഭവം. തയ്യിൽ കടപ്പുറത്ത് കരിങ്കല്ലുകൾക്ക് ഇടയിലാണ് ശരണ്യയുടെ മകൻ വിയാന്റെ മൃതദേഹം കാണപ്പെട്ടത്. ഭർത്താവ് പ്രണവിനൊപ്പം കിടന്നുറന്നുറങ്ങിയ കുഞ്ഞിനെ ശരണ്യ എടുത്തുകൊണ്ടുപോയി കടൽഭിത്തിയിലേക്ക് വലിച്ചെറിയുകയായിരുന്നു.
വീഴ്‌ചയുടെ ആഘാതത്തിൽ കുഞ്ഞിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റു. മരണം ഉറപ്പിക്കാനായി കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി എന്നാണ് പോലീസ് റിപ്പോർട്. പ്രേരണാക്കുറ്റത്തിന് അറസ്‌റ്റിലായ കാമുകൻ നിധിൻ നേരത്തെ ജാമ്യത്തിൽ ഇറങ്ങിയിരുന്നു. 2020 മെയ് 18നാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. കുഞ്ഞിനെ കടലിൽ എറിഞ്ഞുകൊല്ലാനും മരണത്തിന്റെ ഉത്തരവാദിത്തം ഭർത്താവിന്റെ മേൽ ചുമത്താനുമായിരുന്നു ശരണ്യയുടെ നീക്കം.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്






































