പൂണെയിൽ ആശങ്കയായി ഗില്ലൻ ബാരി സിൻഡ്രോം; കേസുകൾ കൂടുന്നു- എന്താണ് ജിബിഎസ്?

നാഡീവ്യവസ്‌ഥയെ ബാധിക്കുന്ന അപൂർവമായ രോഗമാണ് ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്). രോഗപ്രതിരോധ സംവിധാനം ഞരമ്പുകളെ ആക്രമിക്കുന്ന അവസ്‌ഥയാണിത്. കഴുത്ത്, നഖം, കണ്ണുകൾ തുടങ്ങിയവയെ രോഗം ബാധിക്കാം. കൈകളുകൾക്ക് ബലക്ഷയവും മരവിപ്പും പക്ഷാഘാതത്തിനും വരെ കാരണമാകാമെന്നും പഠനങ്ങൾ പറയുന്നു.

By Senior Reporter, Malabar News
GBS
Image By: Times Now
Ajwa Travels

മുംബൈ: പൂണെയിൽ ആശങ്കയുയർത്തി അപൂർവ നാഡീരോഗമായ ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ചവരുടെ എണ്ണം കൂടുകയാണ്. പുതുതായി 37 പേർക്ക് കൂടി രോഗം കണ്ടെത്തി. ഇതോടെ ആകെ രോഗികളുടെ എണ്ണം 59 ആയി. ഇതിൽ 40 പേർ പുരുഷൻമാരാണ്.

പൂണെയിലെ ഗ്രാമീണ മേഖലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട് ചെയ്‌തിരിക്കുന്നത്‌. പൂണെ സിറ്റിയിൽ 11 പേർക്കും പിംപ്രി- ചിഞ്ച്‌വാഡ് മേഖലയിൽ 12 പേർക്കും രോഗം സ്‌ഥിരീകരിച്ചു. അതേസമയം, പെട്ടെന്നുള്ള രോഗവ്യാപനം സംബന്ധിച്ച് അന്വേഷണം നടത്താൻ മഹാരാഷ്‌ട്ര ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ജിബിഎസ് ചികിൽസിച്ച് ഭേദമാക്കാവുന്ന രോഗമാണെന്നും ആളുകൾ പരിഭ്രാന്തരാകരുതെന്നും പൂണെ ന്യൂറോളജിക്കൽ സൊസൈറ്റി അധികൃതർ നിർദ്ദേശം നൽകി. രോഗബാധ കൂടുതൽ റിപ്പോർട് ചെയ്യപ്പെട്ട മേഖലകളിൽ ആരോഗ്യവകുപ്പിന്റെ ദ്രുതകർമസേന സന്ദർശനം നടത്തി. ഇവിടെ നിന്ന് ശുദ്ധജല സാമ്പിളുകൾ പരിശോധനയ്‌ക്കയച്ചു.

രോഗം കണ്ടെത്തിയവരുടെ രക്‌ത, സ്രവ സാമ്പിളുകൾ പൂണെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ വിശദമായ പരിശോധനയ്‌ക്കും അയച്ചിട്ടുണ്ട്. പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്ന ആളുകളിലാണ് രോഗബാധ കൂടുതൽ കണ്ടെത്തിയിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥർ പറഞ്ഞു. ആദ്യം വയറുവേദനയ്‌ക്കും അതിസാരത്തിനും ചികിൽസ തേടി ആശ്വാസം ലഭിക്കുന്നവർ കടുത്ത ക്ഷീണവും തളർച്ചയും മൂലം വീണ്ടും ആശുപത്രിയിൽ എത്തുന്നുണ്ട്.

ചികിൽസിച്ച് ഭേദമാക്കാവുന്ന രോഗമാണെന്നും ആശങ്ക വേണ്ടെന്നും ഡോക്‌ടർമാർ അറിയിച്ചു. രോഗലക്ഷണങ്ങളുമായി എത്തുന്നവരെ നിരീക്ഷിക്കണമെന്നും സംശയം തോന്നുന്ന കേസുകൾ അറിയിക്കണമെന്നും പൂണെയിലെ സ്വകാര്യ, സർക്കാർ ഡോക്‌ടർമാർക്ക് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

എന്താണ് ഗില്ലൻ ബാരി സിൻഡ്രോം?

നാഡീവ്യവസ്‌ഥയെ ബാധിക്കുന്ന അപൂർവമായ രോഗമാണ് ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്). രോഗപ്രതിരോധ സംവിധാനം ഞരമ്പുകളെ ആക്രമിക്കുന്ന അവസ്‌ഥയാണിത്. കഴുത്ത്, നഖം, കണ്ണുകൾ തുടങ്ങിയവയെ രോഗം ബാധിക്കാം. കൈകളുകൾക്ക് ബലക്ഷയവും മരവിപ്പും പക്ഷാഘാതത്തിനും വരെ കാരണമാകാമെന്നും പഠനങ്ങൾ പറയുന്നു.

സ്‌പർശനം അറിയാതെയാവുകയോ മരവിപ്പോ ഉണ്ടാവുക, നടക്കാനോ വിഴുങ്ങാനോ ശ്വസിക്കാനോ ഉള്ള ബുദ്ധിമുട്ട് എന്നിവ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. ചെറിയ ലക്ഷണങ്ങളോടെ ആരംഭിക്കുന്ന രോഗം പെട്ടെന്ന് മൂർച്ഛിക്കാൻ സാധ്യതയുണ്ട്. ചില രോഗികളിൽ അതിവേഗം രോഗം വഷളായേക്കാം. ഇവർക്ക് വെന്റിലേറ്റർ സഹായം ഉൾപ്പടെ വേണ്ടിവന്നേക്കാം.

അതേസമയം, ജിബിഎസ് രോഗം പകർച്ചവ്യാധി അല്ലെന്ന് സ്‌ഥിരീകരിക്കപ്പെട്ടിട്ടുണ്ട്‌. രോഗ ഉറവിടം എന്താണെന്ന് ഇതുവരെ കൃത്യമായി കണ്ടെത്തിയിട്ടില്ല. ക്യാംപിലോബാക്‌റ്റർ ജെജുനി എന്ന ബാക്‌ടീരിയയാണ് വില്ലനാകുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. ആളുകളിൽ വയറിളക്ക രോഗത്തിന് കാരണമാകുന്ന ഒരുതരം ബാക്‌ടീരിയ ആണ് ക്യാംപിലോബാക്‌റ്റർ. വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആകാം രോഗം പടർന്നിരിക്കുക എന്നാണ് റിപ്പോർട്ടുകൾ.

Guillain Barre Syndrome
Rep. Image

രോഗ ലക്ഷണങ്ങൾ

അണുബാധയുണ്ടായി ആഴ്‌ചകളോളം കഴിഞ്ഞാണ് ഭൂരിഭാഗം പേരിലും രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങുക. ശ്വാസകോശ സംബന്ധമായ രോഗമോ, ദഹനനാളത്തിലെ അണുബാധയോ ജിബിഎസിന്റെ പ്രധാന ലക്ഷണങ്ങളാകാം. കൈകളുകളുടെ ബലഹീനത രോഗത്തിന്റെ മറ്റൊരു പ്രധാന ലക്ഷണമാണ്. ഇത് ആദ്യം പാദങ്ങൾക്കാകാം അനുഭവപ്പെടുക. പിന്നീട് കൈകൾ, മുഖം തുടങ്ങിയ ഭാഗങ്ങളിലേക്ക് വ്യാപിക്കാം.

ചിലരിൽ ആദ്യം മുഖങ്ങളിലാകാം ഈ രോഗലക്ഷണം കാണിക്കുക. കാഴ്‌ചയിലുണ്ടാകുന്ന ബുദ്ധിമുട്ട്, ഭക്ഷണം ചവയ്‌ക്കാനും വിഴുങ്ങാനും സംസാരിക്കാനുമുള്ള ബുദ്ധിമുട്ട്, കൈയിലും കാലിലും കുത്തുന്ന പോലുള്ള വേദന, രാത്രിയിൽ ഈ വേദന കൂടുക, അസാധാരണമായ ഹൃദയമിടിപ്പും രക്‌തസമ്മർദ്ദവും, ദഹനപ്രക്രിയയിലെ പ്രശ്‌നങ്ങൾ തുടങ്ങിയവ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.

രോഗപ്രതിരോധം എങ്ങനെ?

  1. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക

2. ഉപയോഗിക്കുന്നതിന് മുൻപ് പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകുക.

3. മുട്ട, മൽസ്യം, മാംസം എന്നിവ നന്നായി വേവിച്ചു മാത്രം കഴിക്കുക

4. ശൗചാലയങ്ങൾ ഉപയോഗിച്ച ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക

5. വേവിച്ചതും അല്ലാത്തതുമായ ഭക്ഷണങ്ങൾ വെവ്വേറെ സൂക്ഷിക്കുക

6. മാംസങ്ങൾ കഴുകിയത് ശേഷം പാത്രങ്ങളും മറ്റും വൃത്തിയായി കഴുകി സൂക്ഷിക്കുക.

ചികിൽസ തേടേണ്ടത് എപ്പോൾ?

കൈകൾക്കും കാലുകൾക്കും പെട്ടെന്ന് ബലക്ഷയം അനുഭവപ്പെട്ടാൽ ഉടൻ തന്നെ ചികിൽസ തേടേണ്ടതാണ്. നടക്കാൻ ബുദ്ധിമുട്ടോ മരവിപ്പോ ഉണ്ടാവുക, വിട്ടുമാറാത്ത വയറിളക്കം, രക്‌തം പോവുക തുടങ്ങിയ അവസ്‌ഥകളുണ്ടായാലും ഉടൻ തന്നെ ഡോക്‌ടറെ കാണേണ്ടതാണ്.

Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE