നെൻമാറ: പോത്തുണ്ടി ബോയൻ കോളനിയിൽ അമ്മയെയും മകനെയും അയൽവാസിയായ യുവാവ് വെട്ടിക്കൊലപ്പെടുത്തി. ലക്ഷ്‌മി (75), സുധാകരൻ (56) എന്നിവരാണ് കൊല്ലപ്പെട്ടത്. സുധാകരൻ വീട്ടിൽ വെച്ചും ലക്ഷ്‌മി നെൻമാറ ഗവ. ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.
കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയും അയൽവാസിയുമായ ചെന്താമരയാണ് ഇരുവരെയും കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ പത്ത് മണിക്കായിരുന്നു സംഭവം. കുടുംബ വഴക്കാണ് കൊലപാതക കാരണമെന്നാണ് വിവരം. കൃത്യം നടത്തിയതിന് പിന്നാലെ പ്രതി ഒളിവിൽപ്പോയി. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ചെന്താമര ജയിലിലായിരുന്നു. 2019ലാണ് ഇയാൾ സജിതയെ കൊലപ്പെടുത്തിയത്. ഒന്നരമാസം മുൻപ് ചെന്താമര ജാമ്യത്തിലിറങ്ങി. തുടർന്ന് സുധാകരനെയും മീനാക്ഷിയെയും കൊല്ലുമെന്ന് ഇയാൾ നിരന്തരം ഭീഷണിപ്പെടുത്തിരുന്നു. തങ്ങൾക്ക് വധഭീഷണിയുള്ളതായി ഇവർ പോലീസിൽ പരാതിയും നൽകിയിരുന്നു.
എന്നാൽ, പോലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു സംരക്ഷണവും ലഭിച്ചിരുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. പോലീസിന്റെ ഭാഗത്ത് നിന്ന് അനാസ്‌ഥ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി ഇൻക്വസ്‌റ്റ് നടപടികൾക്കായി എത്തിയവരെ നാട്ടുകാർ തടഞ്ഞു. കളക്‌ടർ എത്താതെ മൃതദേഹങ്ങളുടെ തുടർനടപടികൾ പൂർത്തിയാക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്








































