മുഴപ്പിലങ്ങാട്: ഒന്നാംവർഷ മലയാളി നഴ്‌സിങ് വിദ്യാർഥിനിയെ ബെംഗളൂരുവിലെ കോളേജ് ഹോസ്‌റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി അനാമിക (19) യെയാണ് ബെംഗളൂരു ഹരോഹള്ളി താലൂക്കിലെ ദയാനന്ദ സാഗർ കോളേജ് ഹോസ്‌റ്റലിൽ ചൊവ്വാഴ്‌ച രാത്രി പത്തോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉച്ചഭക്ഷണം കഴിക്കാൻ കാണാത്തതിനെ തുടർന്ന് സഹപാഠികൾ ഹോസ്‌റ്റൽ മുറിയുടെ വാതിലിൽ മുട്ടി വിളിച്ചെങ്കിലും തുറന്നില്ല. തുടർന്ന് മറ്റൊരു താക്കോൽ ഉപയോഗിച്ച് തുറന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. അനാമിക അടുത്തിടെ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നെന്ന് സഹപാഠികൾ ഹരോഹള്ളി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
കോളേജ് ആധികാരികളുടെ മാനസിക പീഡനമാണ് ആത്‍മഹത്യയ്‌ക്ക് കാരണമെന്ന് ആരോപിച്ച് അനാമികയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. സഹപാഠികളായ വിദ്യാർഥികൾ കോളേജിന് മുന്നിൽ പ്രതിഷേധിച്ചതായും റിപ്പോർട്ടുണ്ട്. അസ്വാഭാവിക മരണത്തിന് ഹരോഹള്ളി പോലീസ് കേസെടുത്തു. മുഴപ്പിലങ്ങാട് കുളം കടവിന് സമീപം ഗോകുലത്തിൽ വിനീത്- ഐശ്വര്യ ദമ്പതികളുടെ മകളാണ് അനാമിക. സഹോദരൻ: വിനായക്.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം





































