പത്തനംതിട്ട: ചുട്ടിപ്പാറ എസ്എംഇ നഴ്‌സിങ് കോളേജിലെ നാലാംവർഷ വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്‌ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ്. അമ്മുവിനെ ആശുപത്രിയിൽ എത്തിക്കുമ്പോൾ അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്ന ഡ്യൂട്ടി ഡോക്‌ടർ, ഓർത്തോ ഡോക്‌ടർ, ജീവനക്കാർ ഉൾപ്പടെ ഉള്ളവർക്കെതിരെയാണ് കേസ്.
അമ്മുവിന് ചികിൽസ നൽകാൻ വൈകിയെന്ന് ചൂണ്ടിക്കാട്ടി പിതാവ് സജീവ് പോലീസിൽ പരാതി നൽകിയിരുന്നു. ഹോസ്‌റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നും ചാടിയ അമ്മുവിനെ ആദ്യം പ്രവേശിപ്പിച്ചത് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ആയിരുന്നു. നില ഗുരുതരമായതോടെ അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്‌തു.
മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അമ്മുവിന്റെ മരണം. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് വേണ്ട ചികിൽസ നൽകിയിരുന്നില്ലെന്നാണ് അമ്മുവിന്റെ കുടുംബം ആരോപിക്കുന്നത്. അമ്മുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചെങ്കിലും ആത്‍മഹത്യ ആണെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ.
പോലീസിന് നൽകിയ മൊഴിയിൽ അമ്മുവിന്റെ സഹപാഠികളായ അലീനയ്‌ക്കും അഷിതയ്‌ക്കും അഞ്ജനയ്‌ക്കുമെതിരെ പിതാവ് ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. പിന്നാലെ മൂവരെയും പോലീസ് അറസ്‌റ്റ് ചെയ്‌തെങ്കിലും പത്തനംതിട്ട കോടതി ഇവർക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് പ്രിൻസിപ്പലിനെയും വൈസ് പ്രിൻസിപ്പലിനെയും സസ്‌പെൻഡ് ചെയ്‌തിരുന്നു.
പ്രതികളായ മൂന്ന് വിദ്യാർഥിനികളെയും സസ്‌പെൻഡ് ചെയ്‌തിരുന്നു. വിദ്യാർഥിനികളും അമ്മുവുമായുള്ള തർക്കമാണ് ആത്‍മഹത്യയിൽ കലാശിച്ചതെന്നാണ് സൂചന. സഹപാഠികൾക്കെതിരെ അമ്മു കോളേജ് പ്രിൻസിപ്പലിന് നൽകിയ കുറിപ്പും കേസിന്റെ ഭാഗമാക്കിയിട്ടുണ്ട്. നവംബർ 15ന് വൈകിട്ടാണ് ചുട്ടിപ്പാറ എസ്എംഇ നഴ്‌സിങ് കോളേജിലെ അവസാനവർഷ നഴ്‌സിങ് വിദ്യാർഥിനിയായിരുന്ന അമ്മു സജീവ് ഹോസ്‌റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചത്.
Most Read| യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്‌തു