ബെംഗളൂരു: ബെംഗളൂരുവിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ മലയാളി നഴ്‌സിങ് വിദ്യാർഥി ആദിത്യന്റെ (19) മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. മകന്റെ മരണത്തിൽ ദുരൂഹത സംശയിക്കുന്നതായും കൃത്യമായ അന്വേഷണം നടത്തണമെന്നും പിതാവ് എസ്. പ്രദീപ് കുമാർ ആവശ്യപ്പെട്ടു.
കോളേജിലെ അധ്യാപകന്റെ മാനസിക പീഡനം മൂലമാണ് മകൻ മരിച്ചതെന്നാണ് പിതാവിന്റെ ആരോപണം. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം മകനും ഉണ്ടെന്ന് ആരോപിച്ച് സന്ദീപ് പാണ്ഡെ എന്ന അധ്യാപകൻ 20 ദിവസം മുൻപ് കുട്ടികളുടെ മുന്നിൽ വെച്ച് ആദിത്യനെ അപമാനിച്ചിരുന്നുവെന്നാണ് പിതാവ് വെളിപ്പെടുത്തി.
എന്നാൽ, മകൻ ലഹരി ഉപയോഗിക്കുന്ന ആളല്ലെന്നാണ് പ്രദീപ് കുമാർ പറയുന്നത്. ”ക്ളാസ് റെപ്രസന്റേറ്റീവ് ആണ് ആദിത്യൻ. ലഹരി ഉപയോഗിക്കാറില്ല. മുൻപ് ആദിത്യനൊപ്പം കഴിഞ്ഞിരുന്ന ചില വിദ്യാർഥികൾ ലഹരി ഉപയോഗിച്ചതിനെ തുടർന്ന് അധ്യാപകർ ശിക്ഷിച്ചിരുന്നു. പുതിയ ബാച്ച് വന്നപ്പോഴും ആദിത്യനൊപ്പം ഉണ്ടായിരുന്ന രണ്ടുപേർ ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇവർക്കൊപ്പം ആദിത്യനും ഉണ്ടെന്ന് ആരോപിച്ച് അധ്യാപകൻ അപമാനിച്ചു”- പ്രദീപ് കുമാർ പറഞ്ഞു.
ബെംഗളൂരു ബൊമ്മസന്ദ്ര ബിടിഎൽ സ്‌കൂൾ ഓഫ് നഴ്‌സിങ്ങിലെ രണ്ടാംവർഷ നഴ്‌സിങ് വിദ്യാർഥിയായ തിരുവനന്തപുരം അരുവിക്കര സ്വദേശി ആദിത്യനെയാണ് (19) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. നാലുപേരുള്ള മുറിയിലാണ് ആദിത്യൻ താമസിച്ചിരുന്നത്. ബുധനാഴ്‌ച ഉച്ചയ്‌ക്ക് ഒപ്പമുള്ളവർ കോളേജിൽ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് ഹോസ്‌റ്റൽ മുറിയിൽ ആദിത്യനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മലയാളികളായ നാല് വിദ്യാർഥികൾക്ക് ഒപ്പമായിരുന്നു ഹോസ്‌റ്റൽ മുറിയിൽ ആദിത്യന്റെ താമസം. ആദിത്യന്റെ മുറിക്ക് സമീപം ജിം ഉപകരണങ്ങൾ സൂക്ഷിക്കുന്ന മുറി ഉള്ളിൽ നിന്ന് പൂട്ടിയ നിലയിൽ കണ്ടത് ശ്രദ്ധിച്ച ഒരു വിദ്യാർഥിയാണ് ജനാലയിലൂടെ ആദിത്യൻ തൂങ്ങിയത് കണ്ടത്. തുടർന്ന് കോളേജിൽ വിവരം അറിയിക്കുകയായിരുന്നു.
കോളേജ് അധികൃതർ ബന്ധുക്കളെയും വിവരം അറിയിച്ചു. അതേസമയം, ആദിത്യന്റെ പിതാവ് ഉൾപ്പടെ അടുത്ത ബന്ധുക്കൾ ഇന്നലെ പുലർച്ചെ തന്നെ ബെംഗളൂരുവിൽ എത്തി. ഹെബ്ബാഗോടി പോലീസ് സ്‌റ്റേഷനിൽ മൊഴി നൽകി. ഇന്നലെ രാത്രി മൃതദേഹവുമായി ഇവർ നാട്ടിലേക്ക് തിരിച്ചു. മകന്റെ മരണത്തിൽ അന്വേഷണം ശക്‌തമാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
Most Read| ബംഗാളിൽ തൃണമൂൽ അധികാരത്തിൽ തുടരും; എക്‌സിറ്റ് പോളുകൾ തള്ളി മമത



































