കൊച്ചി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐയോ ഉന്നത ഉദ്യോഗസ്‌ഥന്റെ മേൽനോട്ടത്തിൽ ക്രൈം ബ്രാഞ്ചോ അന്വേഷിക്കണമെന്ന് ഭാര്യ മഞ്‌ജുഷ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം നിരാകരിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴായിരുന്നു മഞ്‌ജുഷയുടെ ആവശ്യം.
ക്രൈം ബ്രാഞ്ച് അന്വേഷണം എന്ന ആവശ്യത്തെ സർക്കാർ എതിർത്തില്ല. തുടർന്ന്, ജസ്‌റ്റിസുമാരായ പിബി സുരേഷ് കുമാർ, ജോയിൻ സെബാസ്‌റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അപ്പീൽ ഉത്തരവിനായി മാറ്റി. പ്രത്യേക അന്വേഷണ സംഘത്തിൽ (എസ്‌ഐടി) വിശ്വാസമില്ലെന്നും നിഷ്‌പക്ഷമായ അന്വേഷണമാണ് ആവശ്യമെന്നും വ്യക്‌തമാക്കിയാണ് അപ്പീൽ നൽകിയിരിക്കുന്നത്.
രാഷ്‌ട്രീയ സ്വാധീനമുള്ള പ്രതിയെ സംരക്ഷിക്കാനാണ് നിലവിലെ അന്വേഷണം നടക്കുന്നതെന്നാണ് നവീന്റെ കുടുംബത്തിന്റെ ആരോപണം. 2024 ഓഗസ്‌റ്റ് 15ന് രാവിലെയാണ് നവീൻ ബാബുവിനെ കണ്ണൂരിലെ താമസ സ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. തലേന്ന് കണ്ണൂർ കളക്‌ട്രേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.
ആത്‍മഹത്യക്ക് പിന്നിൽ അഴിമതി ആരോപണമാണെന്ന പരാതികൾ ഉയർന്നതോടെ ദിവ്യക്കെതിരെ ആത്‍മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തു. അന്വേഷണത്തിനായി പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും കേസ് അട്ടിമറിക്കപ്പെടുന്നു എന്നാരോപിച്ച് നവീൻ ബാബുവിന്റെ ഭാര്യ മഞ്‌ജുഷ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് സിബിഐ അന്വേഷിക്കണം എന്നായിരുന്നു ആവശ്യം.
Most Read| കോടികളുടെ ആസ്‌തി; താമസം സ്‌റ്റോർ റൂമിന് സമാനമായ വീട്ടിൽ, സഞ്ചാരം സൈക്കിളിൽ