ന്യൂഡെൽഹി: റിസർവ് ബാങ്ക് അടിസ്‌ഥാന പലിശനിരക്ക് 0.25% വെട്ടിക്കുറച്ചു. ഇതോടെ റിപ്പോ നിരക്ക് ദശാബ്‌ദത്തിലെ തന്നെ ഉയരമായ 6.50 ശതമാനത്തിൽ നിന്ന് 6.25 ശതമാനമായി. ബാങ്കുകൾ വിതരണം ചെയ്യുന്ന ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ, മറ്റ് വ്യക്‌തിഗത വായ്‌പകളുടെ പലിശനിരക്ക് ആനുപാതികമായി കുറയുമെന്നത് ജനങ്ങൾക്ക് വൻ ആശ്വാസമാകും.
കേന്ദ്ര ബജറ്റിൽ ആദായ നികുതിഭാരം കുറച്ചതിന് തൊട്ടുപിന്നാലെയാണ് വായ്‌പകളുടെ പലിശഭാരവും കുറയുകയെന്നത് വൻ നേട്ടമാണ്. വായ്‌പകളുടെ പ്രതിമാസ തിരിച്ചടവ് (ഇഎംഐ) കുറയുമെന്നതിനാൽ വായ്‌പാ ഇടപാടുകാർക്ക് ഓരോ മാസവും കൂടുതൽ തുക വരുമാനത്തിൽ മിച്ചം പിടിക്കാം. ഈ തുക മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുമാകും.
റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര അധ്യക്ഷനായ ആറംഗ പണനയ നിർണയ സമിതി (എംപിസി) ഐക്യകണ്‌ഠേനെയാണ് റീപ്പോ നിരക്ക് കുറയ്‌ക്കുന്നത്. റിസർവ് ബാങ്ക് ഗവർണർ സഞ്‌ജയ് മൽഹോത്രയുടെ ആദ്യ എംപിസി യോഗമായിരുന്നു ഇത്.
Most Read| ട്രാൻസ്‌ജെൻഡർ അത്‌ലീറ്റുകൾക്ക് വനിതാ കായിക ഇനങ്ങളിൽ നിരോധനം; ഉത്തരവിറക്കി ട്രംപ്