തിരുവനന്തപുരം: കേരള മനസാക്ഷിയെ ഞെട്ടിച്ച വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകത്തിൽ ജീവൻപൊലിഞ്ഞ അഞ്ചുപേർക്കും നാടിന്റെ യാത്രാമൊഴി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പോസ്‌റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹങ്ങൾ വീടുകളിലേക്ക് എത്തിച്ചപ്പോൾ വൈകാരിക രംഗങ്ങൾക്കാണ് നാട് സാക്ഷിയായത്.
അഫാന്റെ പെൺസുഹൃത്ത് ഫർസാനയുടെ സംസ്‌കാര ചടങ്ങുകളാണ് ആദ്യം പൂർത്തിയായത്. വെഞ്ഞാറമൂട് പുത്തൂരിലുള്ള വീട്ടിലേക്കാണ് ഫർസാനയുടെ ചേതനയറ്റ ശരീരം കൊണ്ടുവന്നത്. പൊതുദർശനത്തിന് ശേഷം ചിറയിൻകീഴ് കാട്ടുമുറാക്കൽ ജുമാ മസ്‌ജിദിൽ സംസ്‌കാര ചടങ്ങുകൾ നടന്നു. അഫാന്റെ മുത്തശ്ശി സൽമാബീവി, സഹോദരൻ അഫ്‌സാൻ, പിതാവിന്റെ സഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരുടെ സംസ്‌കാരം താഴെ പാങ്ങോട് ജുമാ മസ്‌ജിദിലും നടന്നു.
സാമ്പത്തിക പ്രതിസന്ധിയെ തുർന്നുള്ള അനിശ്‌ചിതത്വമാണ് കുടുംബാംഗങ്ങളെ ഉൾപ്പടെ കൊലപ്പെടുത്താനുള്ള കാരണമെന്നാണ് യുവാവ് പോലീസിന് നൽകിയ ആദ്യ മൊഴിയെന്നാണ് പ്രാഥമിക വിവരം. എന്നാൽ, ഇത് പോലീസ് പൂർണവിശ്വാസത്തിൽ എടുത്തിട്ടില്ല. വിവാഹം നിരസിച്ചതിലുള്ള പകയാണ് ക്രൂരകൃത്യത്തിന് യുവാവിനെ പ്രേരിപ്പിച്ചതെന്ന സൂചന കൂടി ലഭിച്ചതിനാൽ അത് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.
തിരുവനന്തപുരം പേരുമല സ്വദേശി അഫാൻ (23) ആണ് ഇന്നലെ രാത്രി പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി ഞെട്ടിക്കുന്ന മൊഴി നൽകിയത്. രണ്ട് മണിക്കൂറിനിടെ മൂന്ന് വീടുകളിലായി ആറുപേരെ വെട്ടിയെന്നായിരുന്നു യുവാവിന്റെ വെളിപ്പെടുത്തൽ. രാവിലെ പത്തിനും വൈകിട്ട് ആറിനുമിടയിലാണ് കൊലപാതകങ്ങൾ നടന്നതെന്നാണ് വിവരം. നിലവിൽ പോലീസ് കസ്‌റ്റഡിയിലാണ് അഫാൻ.
Most Read| വിയർത്ത് കുളിച്ച് കേരളം; കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ്