ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വൻ ഹിമപാതം. ചമോലി ജില്ലയിലെ മനായിൽ, ഇന്തോ-ടിബറ്റൻ അതിർത്തിക്ക് സമീപമാണ് ഹിമപാതം ഉണ്ടായത്. 47 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്. 57 പേരാണ് ആകെ കുടുങ്ങിയതെന്നും പത്തുപേരെ രക്ഷിച്ച് സൈനിക ക്യാംപിലേക്ക് മാറ്റിയെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
സ്‌ഥലത്ത് കുടുങ്ങികിടക്കുന്നവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. റോഡ് നിർമാണ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ) ക്യാംപിന് സമീപം ബദ്രിനാഥ് ധാമിന് മൂന്ന് കിലോമീറ്റർ അകലെയാണ് ഹിമപാതം ഉണ്ടായത്. ആംബുലൻസുകൾ ഇവിടേക്ക് അയച്ചിട്ടുണ്ടെന്നും കടുത്ത മഞ്ഞുവീഴ്‌ച കാരണം രക്ഷാപ്രവർത്തനം വൈകുന്നുണ്ടെന്നും ബിആർഒ എക്‌സിക്യൂട്ടീവ് എൻജിനിയർ സിആർ മീന പറഞ്ഞു.
കേന്ദ്ര, സംസ്‌ഥാന ദുരന്ത പ്രതികരണ സേനകളും ജില്ലാ ഭരണകൂടവും ഇന്ത്യൻ ടിബറ്റൻ ബോർഡർ പോലീസും ബിആർഒയും സ്‌ഥലത്തുണ്ട്. മേഖലയിൽ വെള്ളിയാഴ്‌ച രാത്രി വരെ വലിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ച കാലാവസ്‌ഥാ വകുപ്പ്, പ്രദേശത്ത് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിനും താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും സാധ്യതയുണ്ട്.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ







































