ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഹിമപാതം ശക്‌തി പ്രാപിക്കുന്നു. പൂഞ്ച് മേഖലയിലാണ് ഹിമപാതം കൂടുതൽ രൂക്ഷമാകുന്നത്.
വിവിധ അപകടങ്ങളിലായി കുടുങ്ങിയ നിരവധി പേരെ തദ്ദേശീയരായ ആളുകൾ ചേർന്ന് രക്ഷപ്പെടുത്തി. വിനോദ സഞ്ചാരികളാണ് അപകടത്തിൽ പെടുന്നവരിൽ കൂടുതലും.
പൂഞ്ചിൽ വീട്ടിലേക്ക് കുടിവെള്ളം ശേഖരിക്കാൻ പോയ അമ്മയും മകളുമാണ് ഏറ്റവും ഒടുവിൽ ഹിമപാതത്തിൽ അകപ്പെട്ടത്. 37കാരിയായ നസ്റിൻ ഇവരുടെ മകൾ 11 വയസുള്ള സൈദ കൗസർ എന്നിവരാണ് അപകടത്തിൽ പെട്ടത്. സുരൻകോട്ട് മേഖലയിലെ തർവാഞ്‌ജ ഗ്രാമത്തിലാണ് സംഭവം.
കുടിവെള്ളം ശേഖരിച്ച് മടങ്ങുന്നതിനിടെ പെട്ടെന്നുണ്ടായ ഹിമപാതത്തെ തുടർന്ന് മഞ്ഞ് പാളികൾക്കിടയിൽ ഇവർ അകപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ഇവരെ രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം കൊങ്ഡോരി മേഖലയിൽ ഉണ്ടായ ഹിമപാതത്തിൽ സഞ്ചാരികൾ അപകടത്തിൽപെട്ടിരുന്നു. കുട്ടികൾ ഉൾപ്പടെ നിരവധിപേർ ഈ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ സ്‌നോ ബൈക്ക് റൈഡേഴ്സ് യൂണിയൻ അംഗങ്ങളാണ് രക്ഷപ്പെടുത്തിയത്.
ശക്‌തമായ കാറ്റും പെട്ടന്നുള്ള മഞ്ഞ് വീഴ്‌ചയുമാണ് പൂഞ്ച് മേഖലയിൽ ഹിമപാതം രൂക്ഷമാകാൻ കാരണമാകുന്നത്.
Most Read: വധഭീഷണി മുഴക്കിയ കേസ്; മുൻകൂർ ജാമ്യാപേക്ഷയുമായി ദിലീപ് ഹൈക്കോടതിയിൽ