കോഴിക്കോട്: വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ താമരശ്ശേരിയിൽ പത്താം ക്ളാസ് വിദ്യാർഥി ഷഹബാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ കണ്ടെത്തിയതായി പോലീസ്. ഷഹബാസിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച നഞ്ചക്ക് പ്രതികളിൽ ഒരാളുടെ വീട്ടിലെ അലമാരയിൽ നിന്നാണ് കണ്ടെത്തിയത്.
നഞ്ചക്ക് കൊണ്ടുള്ള അടിയിൽ തലയോട്ടി പൊട്ടിയതാണ് മരണകാരണമായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇതിന് പുറമെ നാല് മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും പ്രതികളുടെ വീട്ടിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഇവ ഉപയോഗിച്ചെന്ന് കരുതുന്നതായി പോലീസ് അറിയിച്ചു.
പിടിച്ചെടുത്ത ഫോണിൽ കൊലപാതകം ആസൂത്രണം ചെയ്തതിന്റെ ശബ്ദസന്ദേശങ്ങൾ അടങ്ങുന്ന കൂടുതൽ തെളിവുകളുണ്ടെന്നും പോലീസ് അറിയിച്ചു. കേസിൽ പ്രതികളായ അഞ്ച് വിദ്യാർഥികളുടെ വീടുകളിൽ പോലീസ് ഇന്ന് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. വിവിധ സംഘങ്ങളായി തിരിഞ്ഞ് ഒരേസമയം നടത്തിയ പരിശോധനയിലാണ് ആക്രമണത്തിന് ഉപയോഗിച്ച ആയുധവും ഫോണുകളും കണ്ടെത്തിയത്.
കൂടുതൽ പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയാനായി വിശദമായി സിസിടിവി പരിശോധനയും നടത്തിവരികയാണ്. അതിനിടെ, പ്രതികളെ എസ്എസ്എൽസി പരീക്ഷ എഴുതിക്കാൻ താമരശ്ശേരിയിൽ കൊണ്ടുവന്നാൽ തടയുമെന്ന് യൂത്ത് കോൺഗ്രസ് താമരശ്ശേരി മണ്ഡലം കമ്മിറ്റി അറിയിച്ചു. പ്രതികളെ പരീക്ഷക്ക് എത്തിക്കുന്നത് മറ്റു കുട്ടികളെ ബാധിക്കും. ജീവിക്കാനുള്ള അവകാശം കവർന്നവർക്ക് വിദ്യാഭ്യാസ അവകാശ സംരക്ഷണം നൽകരുതെന്നാണ് യൂത്ത് കോൺഗ്രസിന്റെ നിലപാട്.
താമരശ്ശേരിയിലെ ട്യൂഷൻ സെന്ററിൽ യാത്രയയപ്പ് യോഗത്തിലെ തർക്കവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിനിടെയാണ് ഷഹബാസ് കൊല്ലപ്പെട്ടത്. നഞ്ചക്ക് കൊണ്ട് തലയ്ക്ക് പിന്നിൽ അടിയേറ്റ ഷഹബാസിനെ പുറമേക്ക് കാര്യമായ പരിക്കില്ലാത്തതിനാൽ സഹപാഠികൾ വീട്ടിലെത്തിക്കുകയായിരുന്നു.
വീട്ടിലെത്തിയപാടെ തളർന്ന് കിടന്ന ഷഹബാസ് അൽപ്പസമയത്തിന് ശേഷം കുടിച്ച വെളളം ഛർദ്ദിച്ചു. തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഫെബ്രുവരി 28 അർധരാത്രിയോടെ ഷഹബാസ് മരിച്ചു. സംഭവത്തിൽ അഞ്ചു വിദ്യാർഥികൾക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി






































