ന്യൂയോർക്ക്: യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് നിർദ്ദേശങ്ങൾക്ക് മുന്നിൽ ഉപാധികൾ വെച്ച് റഷ്യ. കഴിഞ്ഞ മൂന്നുമാസമായി ഓൺലൈനായും നേരിട്ടും നടന്ന സംഭാഷണങ്ങളിൽ റഷ്യൻ അധികൃതർ അമേരിക്കൻ പ്രതിനിധികളുമായി ഉപാധികൾ വിശദീകരിച്ചുവെന്നാണ് അന്താരാഷ്‌ട്ര വാർത്താ ഏജൻസികൾ റിപ്പോർട് ചെയ്യുന്നത്.
യുദ്ധം അവസാനിപ്പിക്കാൻ റഷ്യ നേരത്തെ യുക്രൈനും യുഎസിനും നാറ്റോയ്‌ക്കും മുന്നിൽ വിവിധ ഉപാധികൾ വെച്ചിരുന്നു. ഇതിന് സമാനമായ ആവശ്യങ്ങൾ തന്നെയാണ് ഇത്തവണയും യുഎസിനെ അറിയിച്ചതെന്നാണ് സൂചന. യുക്രൈന് നാറ്റോ അംഗത്വം നൽകരുത്, യുക്രൈനിൽ വിദേശ സൈന്യത്തെ വിന്യസിക്കരുത്, ക്രൈമിയ അടക്കം നാല് പ്രവിശ്യകൾ തങ്ങളുടേതാണെന്ന് അംഗീകരിക്കണം എന്നീ ആവശ്യങ്ങളാണ് നേരത്തെ റഷ്യ മുന്നോട്ടുവെച്ചത്.
അതേസമയം, യുക്രൈനുമായി വെടിനിർത്തലിന് റഷ്യ തയ്യാറല്ലെങ്കിൽ കടുത്ത സാമ്പത്തിക നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തി. സൗദി അറേബ്യയിൽ നടന്ന ചർച്ചകളിൽ യുഎസ് മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ അംഗീകരിച്ച് 30 ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് തയ്യാറാണെന്ന് യുക്രൈൻ അറിയിച്ചിരുന്നു.
ഇക്കാര്യത്തിൽ ഇനി ഇത്തരവാദിത്തം റഷ്യയ്‌ക്കാണെന്ന് ട്രംപ് വ്യക്‌തമാക്കി. വെടിനിർത്തലുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി റഷ്യയിലേക്ക് പ്രതിനിധികളെ അയക്കുമെന്നും ട്രംപ് പറഞ്ഞു. സാമ്പത്തികമായി നെഗറ്റീവായി ബാധിക്കുന്ന നടപടികൾ കൈക്കൊള്ളേണ്ടിവരും. അത് റഷ്യയ്‌ക്ക് വിനാശകരമായിരിക്കും. സമാധാനം പുനഃസ്‌ഥാപിക്കുക എന്നതാണ് എന്റെ ലക്ഷ്യം. അതിനാൽ അത്തരം നടപടികൾക്ക് താൽപര്യമില്ല എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി