ന്യൂയോർക്ക്: ഒമ്പത് മാസം നീണ്ട കാത്തിരിപ്പിനും പ്രാർഥനകൾക്കും പര്യവസാനം. ഇന്ത്യൻ വംശജ സുനിത വില്യംസും വില്യം ബുച്ച് വിൽമോറും ഒടുവിൽ ഭൂമിയിലേക്ക് തിരിച്ചെത്തി. ഇന്ത്യൻ സമയം പുലർച്ചെ 3.40നാണ് ഇവരെ വഹിച്ചുകൊണ്ട് സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ9 പേടകം ഫ്ളോറിഡ തീരത്തിന് സമീപം അറ്റ്ലാന്റിക് സമുദ്രത്തിലെ ഗൾഫ് ഓഫ് അമേരിക്കയിൽ ഇറങ്ങിയത്.
ബുച്ച് വിൽമോർ, നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നീ ബഹിരാകാശ യാത്രികരായിരുന്നു സുനിതയ്ക്കൊപ്പം ഉണ്ടായിരുന്നത്. കടൽപ്പരപ്പിലിറങ്ങിയ പേടകത്തിനടുത്തേക്ക് ആദ്യമെത്തിയത് നേവി സീലിന്റെ ബോട്ടാണ്. പത്തുമിനിറ്റോളം നീണ്ട സുരക്ഷാ പരിശോധനയ്ക്ക് ശേഷം പേടകത്തെ എംവി മേഗൻ എന്ന റിക്കവറി ഷിപ്പിലേക്ക് മാറ്റി.
4.10ന് പേടകത്തിന്റെ വാതിൽ തുറന്നു. 4.25ഓടെ യാത്രികരെ ഓരോരുത്തരെയായി പുറത്തിറക്കി. ഇവരെ പ്രത്യേക സ്ട്രെച്ചറിൽ മെഡിക്കൽ പരിശോധനകൾക്കായി കൊണ്ടുപോയി. ഇവരെ നാസയുടെ ഹൂസ്റ്റണിലെ കേന്ദ്രത്തിലേക്കാണ് ഹെലികോപ്ടറുകളിൽ കൊണ്ടുപോയത്. സുനിതയുമായുള്ള യാത്രാപേടകം ഇന്നലെ രാവിലെ പത്തരയോടെയാണ് ബഹിരാകാശ നിലയവുമായുള്ള ബന്ധം വേർപ്പെടുത്തിയത്.
ഐഎസ്എയുമായുള്ള ബന്ധം വേർപ്പെടുത്തുന്ന അൺ ഡോക്കിങ് വിജയമായതോടെ സുനിത ഉൾപ്പടെ നാല് യാത്രികർ കയറിയ ഡ്രാഗൺ പേടകം ഭൂമിയിലേക്ക് യാത്ര ആരംഭിച്ചു. ഡ്രാഗൺ പേടകത്തെ ഐഎസ്എസുമായി ബന്ധപ്പെടുത്തുന്ന കവാടം അടയ്ക്കുന്ന ഡോച്ചിങ്ങും വിജയമായിരുന്നു. പത്ത് ദിവസത്തെ ദൗത്യത്തിനായി 2014 ജൂൺ അഞ്ചിനാണ് സുനിതയും വിൽമോറും നിലയിലെത്തിയത്.
ക്രൂ ഫ്ളൈറ്റിന്റെ ബോയിങ് സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിലെ പ്രോപ്പൽഷനിൽ തകരാർ സംഭവിച്ചിരുന്നു. ഇതോടെ ഇവരുടെ ഭൂമിയിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായി. അതേസമയം, സുനിതയും സംഘവും ചരിത്രം തിരുത്തി എഴുതിയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രതികരിച്ചു. ഇക്കുറി 286 ദിവസം നീണ്ട ദൗത്യത്തിൽ സുനിതയും ബുച്ചും 121,347,491 മൈലുകളാണ് താണ്ടിയത്. ഭൂമിയെ 4576 തവണ വലംവെച്ചു.
Most Read| ജനജീവിതം വിലയിരുത്തും; സുപ്രീം കോടതി ജഡ്ജിമാരുടെ പ്രത്യേക സംഘം മണിപ്പൂരിലേക്ക്







































