വാഷിങ്ടൻ: കേന്ദ്രീകൃത വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഒപ്പുവെക്കുമെന്ന് റിപ്പോർട്. വിദ്യാഭ്യാസ വകുപ്പ് പൊളിച്ചുമാറ്റുമെന്നുള്ള തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ ട്രംപിന്റെ പ്രഖ്യാപനത്തിന്റെ ഭാഗമാകും നടപടിയെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്‌തമാക്കുന്നത്.
ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ കഴിഞ്ഞയാഴ്‌ച വിദ്യാഭ്യാസ വകുപ്പിലെ പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ട്രംപിന്റെ ഉത്തരവിന് മുന്നോടിയായി അതിനെ ചോദ്യം ചെയ്‌ത് ഒരുപറ്റം ഡെമോക്രാറ്റിക്ക് സ്‌റ്റേറ്റ് അറ്റോർണി ജനറൽമാർ രംഗത്തെത്തി. വിദ്യാഭ്യാസ വകുപ്പ് പിരിച്ചു വിടുന്നതിൽ നിന്ന് ട്രംപിനെ തടയണമെന്ന് ആവശ്യപ്പെട്ട് ഇവർ കേസ് ഫയൽ ചെയ്‌തു.
വിദ്യാഭ്യാസ മേഖലയിൽ സംസ്‌ഥാനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി വികേന്ദ്രീകരണം നടത്തുന്നതിന്റെ ഭാഗമാണ് നീക്കമെന്നാണ് ട്രംപിന്റെ വിശദീകരണം. ട്രംപും അദ്ദേഹത്തിന്റെ ഉപദേശകൻ ഇലോൺ മസ്‌കും ചേർന്ന് വിവിധ സർക്കാർ പരിപാടികളും യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്പ്മെന്റ് ഉൾപ്പടെയുള്ള വകുപ്പുകൾ യുഎസ് കോൺഗ്രസിന്റെ അനുമതിയോടെ നിർത്തലാക്കാൻ ശ്രമം നടത്തിയിട്ടുണ്ട്.
എന്നാൽ, ഒരു കാബിനറ്റ് തലത്തിലുള്ള ഏജൻസി നിർത്തലാക്കാനുള്ള ട്രംപിന്റെ ആദ്യ തീരുമാനമായിരിക്കും വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടുന്നതിലൂടെ സംഭവിക്കുക. യുഎസ് കോൺഗ്രസിലെ നിയമനിർമാണത്തിലൂടെ മാത്രമേ ട്രംപിന് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടുന്ന നടപടികളുമായി മുന്നോട്ട് പോകാനാവൂ.
യുഎസ് സെനറ്റിൽ 53-47 ഭൂരിപക്ഷമാണ് ട്രംപിന്റെ റിപ്പബ്ളിക്കൻ പാർട്ടിക്കുള്ളത്. എന്നാൽ, കാബിനറ്റ് തലത്തിലുള്ള ഏജൻസിയെ നിർത്തലാക്കുന്നത് പോലുള്ള പ്രധാന നിയമനിർമാണങ്ങൾക്ക് 60 വോട്ടുകൾ വേണം. അതായത് ട്രംപിന്റെ നീക്കം നടപ്പിലാക്കണമെങ്കിൽ ഏഴ് ഡെമോക്രാറ്റുകളെങ്കിലും പിന്തുണയ്‌ക്കണം.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി







































