മലപ്പുറം: വളാഞ്ചേരിയിൽ ലഹരി കുത്തിവെക്കാനായി ഒരേ സിറിഞ്ച് ഉപയോഗിച്ച പത്തുപേർക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു. ഏഴ് പ്രദേശവാസികൾക്കും മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കുമാണ് എച്ച്ഐവി സ്ഥിരീകരിച്ചതെന്ന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക വ്യക്തമാക്കി.
കഴിഞ്ഞ മാസം ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. എച്ച്ഐവി ബാധിക്കാൻ സാധ്യത ഉള്ളവർക്കിടയിൽ കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ജനുവരിയിൽ ഒരു പഠനം നടത്തിയിരുന്നു. ലൈംഗിക തൊഴിലാളികൾ, ലഹരി ഉപയോഗിക്കുന്നവർ എന്നിവർക്കിടയിലായിരുന്നു പ്രധാനമായും സർവേ നടത്തിയത്.
ഈ സർവേയിൽ വളാഞ്ചേരിയിൽ ഒരാൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. പിന്നീട് ഇയാളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഉൾപ്പെട്ട വലിയ ലഹരി സംഘത്തിലേക്ക് ആരോഗ്യവകുപ്പ് എത്തിയത്. സംഘത്തിലെ എല്ലാവരെയും ആരോഗ്യവകുപ്പ് പരിശോധനക്ക് വിധേയരാക്കി. ഈ പരിശോധനയിലാണ് ഒമ്പത് പേർക്ക് കൂടി എച്ച്ഐവി സ്ഥിരീകരിച്ചത്.
ഇവർ ലഹരിക്കായി ഒരേ സൂചികൾ പങ്കിട്ടതായും വിതരണക്കാർ സൂചികൾ വീണ്ടും വീണ്ടും ഉപയോഗിച്ചതായും കണ്ടെത്തിയെന്നും മെഡിക്കൽ ഓഫീസർ ആർ രേണുക പറഞ്ഞു. അതേസമയം, കുത്തിവെക്കുന്ന ലഹരി ഉപയോഗിക്കുന്നതിലൂടെ സംസ്ഥാനത്ത് ഓരോ മാസവും ശരാശരി പത്തിലധികം പേർക്ക് എച്ച്ഐവി സ്ഥിരീകരിക്കുന്നുണ്ട്. ഈ വർഷം മലപ്പുറം ജില്ലയിൽ മാത്രം പത്തുപേർക്ക് രോഗം കണ്ടെത്തിയതായി നോഡൽ ഓഫീസർ ഡോ. സി. ഷുബിൻ പറഞ്ഞു.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!








































