പാലക്കാട്: സഹോദരിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിൻ. വീട്ടിലെ സ്‌ത്രീകളോട് മാന്യമായി പെരുമാറിയില്ലെങ്കിൽ മോന്ത അടിച്ചു പൊളിക്കുമെന്നായിരുന്നു പഞ്ചായത്ത് സെക്രട്ടറി ജഗദീഷിനോട് എംഎൽഎ പറഞ്ഞത്.
ജനുവരി 20ന് നടന്ന ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ആണ് ഇപ്പോൾ പുറത്തുവന്നത്. പഞ്ചായത്ത് സെക്രട്ടറി ജഗദീഷ് തന്നെയാണ് എംഎൽഎ വിളിച്ചു ഭീഷണിപ്പെടുത്തിയതിന്റെ ഫോൺ സംഭാഷണം പുറത്തുവിട്ടിരിക്കുന്നത്. അതേസമയം, താൻ മാന്യമായാണ് എംഎൽഎയുടെ സഹോദരിയോട് പെരുമാറിയതെന്നാണ് ജഗദീഷ് പറയുന്നത്.
”തനിക്ക് എന്നോട് എന്തെങ്കിലും പ്രശ്‌നമുണ്ടോ? വീട്ടിലെ സ്‌ത്രീകളോട് മോശമായി പെരുമാറി. വളരെ മോശമായിട്ടാണല്ലോ താൻ പെരുമാറിയത്. എന്റെ പെങ്ങൾ അവിടെ നിന്ന് കരഞ്ഞിട്ടാണല്ലോ ഇറങ്ങിപ്പോന്നത്. ഞാൻ താങ്കളെ ഒരു റെക്കമെന്റേഷനും വിളിച്ചിട്ടില്ല. തനിക്ക് എന്തെങ്കിലും രാഷ്‌ട്രീയമായി എന്നോട് പ്രശ്‌നമുണ്ടെങ്കിൽ വീട്ടിലെ സ്‌ത്രീകളോട് മാന്യമായി പെരുമാറാൻ അറിയില്ലെങ്കിൽ അടിച്ചു മോന്ത പൊളിക്കും”- എന്നായിരുന്നു എംഎൽഎ പറഞ്ഞത്.
ആയിക്കോട്ടെ എന്നാണ് എംഎൽഎയ്‌ക്ക് മറുപടിയായി ജഗദീഷ് പറയുന്നത്. വിവാഹം രജിസ്‌റ്റർ ചെയ്യുന്നതിനായി പഞ്ചായത്ത് ഓഫീസിലെത്തിയ സഹോദരിയെ ലേറ്റ് മാരേജിന്റെ കാര്യവും വിദ്യാഭ്യാസ യോഗ്യതയും പറഞ്ഞ് പഞ്ചായത്ത് സെക്രട്ടറി പരിഹസിച്ചെന്നാണ് എംഎൽഎ ആരോപിക്കുന്നത്. ഇതേത്തുടർന്ന് സഹോദരി കരഞ്ഞുകൊണ്ട് ഓഫീസ് വിടേണ്ട സാഹചര്യമുണ്ടായെന്നും എംഎൽഎ പറയുന്നു. ഇത് അറിയുന്നതിന് വേണ്ടിയാണ് പഞ്ചായത്ത് സെക്രട്ടറിയെ ഫോണിൽ വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചതെന്നുമാണ് അദ്ദേഹം പറയുന്നത്.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ




































