തിരുവനന്തപുരം: ജോലിക്കെത്തിയ തന്നെ ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ച് ഊതിച്ചപ്പോള്‍ സിഗ്‌നൽ കാണിച്ചുവെന്നും ഇത് ചൂണ്ടിക്കാട്ടി തന്നെ ജോലിയിൽനിന്ന് മാറ്റിനിർത്തിയെന്നും ആരോപിച്ചാണ് ഡ്രൈവർ പച്ചമല സ്വദേശി ജയപ്രകാശ് (52) വെള്ളിയാഴ്‌ച രാവിലെ സമരമാരംഭിച്ചത്.
വെള്ളിയാഴ്‌ച രാവിലെ പാലോട് -പേരയം റൂട്ടില്‍ ബസ് ഓടിക്കാന്‍ വന്ന ഡ്രൈവര്‍ ജയപ്രകാശിനെ ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ച് ഊതിച്ചപ്പോള്‍ സിഗ്‌നല്‍ 16 കാണിച്ചിരുന്നു. തുടര്‍ന്ന് ബസ് ഓടിക്കാന്‍ അനുവദിച്ചില്ല. എന്നാല്‍, ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടില്ലെന്നാണ് ജയപ്രകാശ് പറയുന്നത്.
കഴിഞ്ഞ രണ്ടാഴ്ച്ചയായി ഈ മെഷീന്‍ തകരാറില്‍ ആണെന്നും ഡ്രൈവര്‍ പറയുന്നു. വീണ്ടും ഊതാൻ അവസരംതരണമെന്ന് ആവശ്യപ്പെട്ടെങ്കിലും സ്‌റ്റേഷന്‍ മാസ്‌റ്റർ അനുവദിച്ചില്ലെന്നും ജയപ്രകാശ് ആരോപിക്കുന്നു.
ഇതോടെ കുടുംബവുമായി കെഎസ്‌ആർടിസി സ്‌റ്റാന്‍ഡില്‍ ഉപവാസത്തിന് ഒരുങ്ങുകയാണ് ജയപ്രകാശ്. സംഭവത്തില്‍ പാലോട് പോലീസ് സ്‌റ്റേഷനില്‍ ഇദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്. മെഷീന്‍ തകരാറിലായതിനാല്‍ മെഡിക്കല്‍ ടെസ്‌റ്റ് നടത്തണമെന്നതാണ് ഡ്രൈവറുടെ ആവശ്യം.
ആഴ്‌ചകള്‍ക്കു മുമ്പ് കോഴിക്കോട് കെഎസ്‌ആർടിസി ഡിപ്പോയിലും സമാന സാഹചര്യമുണ്ടായിരുന്നു. മദ്യപിക്കാത്ത ഡ്രൈവര്‍ ഷിബീഷിനെയായിരുന്നു മദ്യപിച്ചതായി ബ്രെത്ത് അനലൈസര്‍ പരിശോധനയില്‍ കണ്ടെത്തിയത്. എന്നാല്‍, ഹോമിയോ മരുന്ന് കഴിച്ചതാണെന്ന് അറിയിച്ചതോടെ ഷിബീഷിനെ തിരുവനന്തപുരത്ത് വിളിപ്പിച്ച് വിശദമായ പരിശോധന നടത്തി.
മെഡിക്കല്‍ ബോര്‍ഡിനും ഇഡി വിജിലന്‍സിനും മുന്നില്‍ ഹാജരായ ഷിബീഷിനെ ഹോമിയോ മരുന്ന് കഴിക്കാതെ ആദ്യം പരിശോധിച്ചു. മദ്യപിച്ചിട്ടില്ലെന്ന് റിസള്‍ട്ട് വന്നു. പിന്നീട് ഹോമിയോ മരുന്ന് കഴിച്ച അഞ്ച് മിനിട്ടിന് ശേഷം പരിശോധിച്ചപ്പോള്‍ ബ്രെത്ത് അനലൈസറില്‍ അഞ്ച് ശതമാനം ആല്‍ക്കഹോള്‍ അംശം ഉള്ളതായി റിസള്‍ട്ട് നല്‍കി. ഇതോടെ മദ്യപിച്ചിട്ടില്ലെന്ന ഷിബീഷിന്റെ വാദം ശരിയാണെന്ന വിലയിരുത്തലില്‍ കെഎസ്‌ആർടിസി എത്തുകയും ഷിബീഷിനെതിരെ നടപടി അവസാനിപ്പിക്കുകയും ചെയ്‌തിരുന്നു.
MALABAR | ഡിജിറ്റല്‍ അറസ്‌റ്റ് ഭീഷണി: 93 ലക്ഷം തട്ടിയ പ്രതി അറസ്‌റ്റിൽ







































