ലഖ്‌നൗ: മക്കളെ മദ്യപാനികൾക്ക് വിവാഹം ചെയ്‌ത് നൽകരുതെന്ന് കേന്ദ്രമന്ത്രി കൗശൽ കിഷോർ. റിക്ഷാക്കാരനോ കൂലിപ്പണിക്കാരനോ മദ്യപാനിയായ ഉദ്യോഗസ്‌ഥനേക്കാൾ നല്ല ഭർത്താവാകാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഉത്തർപ്രദേശിലെ ലംബുവ മണ്ഡലത്തിൽ മദ്യപാന ആസക്‌തിയെ കുറിച്ചുള്ള പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മദ്യപാനിയായ ഉദ്യോഗസ്‌ഥനേക്കാൾ മികച്ച വരൻ റിക്ഷാക്കാരനോ കൂലിപ്പണിക്കാരനോ ആണ്. മദ്യപാനികൾക്ക് പെൺമക്കളെയും സഹോദരിമാരെയും വിവാഹം കഴിച്ചു കൊടുക്കരുതെന്നും കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി കൗശൽ കിഷോർ പറഞ്ഞു.
തന്റെ വ്യക്‌തിപരമായ അനുഭവം വിവരിച്ചുകൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ വൈകാരികമായ വാക്കുകൾ. മദ്യപാനിയുടെ ആയുസ് വരെ കുറവാണ്. മന്ത്രി എന്ന നിലയിൽ ഞാനും എംഎൽഎ എന്ന നിലയിൽ എന്റെ ഭാര്യയും മകനെ രക്ഷിക്കാൻ ശ്രമിച്ചു. പക്ഷെ ഞങ്ങൾക്കതിന് കഴിഞ്ഞില്ല. പിന്നെ സാധാരണക്കാർക്ക് അതെങ്ങനെ സാധിക്കുമെന്നും മന്ത്രി ചോദിച്ചു.
”എന്റെ മകൻ ആകാശ് കിഷോറിന് സുഹൃത്തുക്കളോടൊപ്പം മദ്യം കഴിക്കുന്ന ശീലം ഉണ്ടായിരുന്നു. ഒടുവിൽ അവനെ ഡീ അഡിഷൻ സെന്ററിൽ പ്രവേശിപ്പിച്ചു. പക്ഷെ അവൻ മദ്യപാനം തുടർന്നു. ദുശ്ശീലം ഉപേക്ഷിക്കുമെന്ന് കരുതി അവനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. പക്ഷെ അവൻ മദ്യപാനം തുടർന്നു. ഒടുവിൽ അതവന്റെ മരണത്തിലേക്ക് നയിച്ചു.
രണ്ടു വർഷം മുമ്പ്, ഒക്‌ടോബർ 19ന് ആകാശ് മരിക്കുമ്പോൾ അവന്റെ കുഞ്ഞിന് കഷ്‌ടിച്ച് രണ്ടു വയസ് മാത്രമേ ഉണ്ടായിരുന്നുള്ളു-കൗശൽ കിഷോർ പറഞ്ഞു. മകനെ രക്ഷിക്കാനായില്ല. അതുകൊണ്ടാണ് അവന്റെ ഭാര്യ വിധവയായത്. നിങ്ങളുടെ പെൺമക്കളെയും സഹോദരിമാരെയും നിങ്ങൾ രക്ഷിക്കണം”- അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: കോവിഡ് വ്യാപനം; ആരോഗ്യ കേന്ദ്രങ്ങളിൽ മോക്ക് ഡ്രിൽ നടത്താൻ കേന്ദ്ര നിർദ്ദേശം