കോഴിക്കോട്: കൊയിലാണ്ടി മുത്താമ്പി പുഴയിൽ ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി. കാവുന്തറ കുറ്റിമാക്കൂൽ അബ്‍ദുറഹിമാൻ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെ നെല്ല്യാടി പുഴയുടെ ഭാഗത്ത് ബോട്ടിൽ പോവുകയായിരുന്ന വിനോദസഞ്ചാരികളാണ് കമഴ്‌ന്നുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്.
ഫയർഫോഴ്‌സും പോലീസും സംഭവസ്‌ഥലത്തെത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രിയാണ് വയോധികൻ പുഴയിൽ ചാടിയത്. ഇതുവഴി ബൈക്കിൽ യാത്ര ചെയ്‌ത കുടുംബം പാലത്തിൽ നിന്നും ഒരാൾ ചാടുന്നത് കണ്ടിരുന്നു.
പാലത്തിന് സമീപത്ത് നിന്ന് ഉപേക്ഷിച്ച ചെരുപ്പും കുടയും മൊബൈൽ ഫോണുമെല്ലാം കണ്ടെത്തിയിരുന്നു. രാത്രിയിൽ ഫയർഫോഴ്‌സ് തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് രാവിലെ സ്‌കൂബ ടീം ഉൾപ്പടെ തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
Most Read| പഹൽഗാം ഭീകരാക്രമണം; 28 പേരടങ്ങുന്ന മലയാളി സംഘം നാട്ടിലേക്ക് മടങ്ങി






































