ഐഎസ്ആർഒ മുൻ ചെയർമാൻ കസ്‌തൂരിരംഗൻ അന്തരിച്ചു

1994 മുതൽ 2003 വരെ ഒമ്പത് വർഷക്കാലം ഐഎസ്‌ആർഒയുടെ ചെയർമാനായിരുന്നു. 2003 ഓഗസ്‌റ്റ് 27നാണ് പദവിയിൽ നിന്ന് വിരമിച്ചത്. പശ്‌ചിമഘട്ട സംരക്ഷണം സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം കസ്‌തൂരിരംഗന്റെ നേതൃത്വത്തിൽ തയ്യറാക്കിയ റിപ്പോർട് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

By Senior Reporter, Malabar News
Kasturirangan
K. Kasturirangan (Image Source: Northlines)

ബെംഗളൂരു: ഐഎസ്ആർഒ മുൻ ചെയർമാൻ കസ്‌തൂരിരംഗൻ അന്തരിച്ചു. 85 വയസായിരുന്നു. ബെംഗളൂരുവിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1994 മുതൽ 2003 വരെ ഒമ്പത് വർഷക്കാലം ഐഎസ്‌ആർഒയുടെ ചെയർമാനായിരുന്നു. 2003 ഓഗസ്‌റ്റ് 27നാണ് പദവിയിൽ നിന്ന് വിരമിച്ചത്.

ഐഎസ്ആർഒയിൽ ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ആര്യഭട്ട, ഭാസ്‌കര എന്നിവയുടെ പ്രോജക്‌ട് ഡയറക്‌ടറായിരുന്നു. പിന്നീട് വിദൂര സംവേദന (ഐആർഎസ്) ഉപഗ്രഹങ്ങളുടെ പ്രോജക്‌ട് ഡയറക്‌ടറായി. 1994 മാർച്ച് 31ന് ഐഎസ്‌ആർഒയുടെ ചെയർമാനായി സ്‌ഥാനമേറ്റ അദ്ദേഹം, മേയിൽ 114 കിലോ ഭാരമുള്ള ഐആർഎസ് ഉപഗ്രഹ വിക്ഷേപണത്തിന് നേതൃത്വം നൽകി.

തുടർന്ന് രാജ്യത്തും വിദേശത്തും വിജയകരമായ ബഹിരാകാശ വിക്ഷേപങ്ങൾക്ക് ചുക്കാൻ പിടിച്ചു. പത്‌മശ്രീ, പത്‌മഭൂഷൺ, പത്‌മവിഭൂഷൺ ബഹുമതികൾ നൽകി രാജ്യം ആദരിച്ചിരുന്നു. രാജ്യസഭാംഗം, ആസൂത്രണ കമ്മീഷൻ അംഗം, ജെഎൻയു വൈസ് ചാൻസലർ, രാജസ്‌ഥാൻ സെൻട്രൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

പശ്‌ചിമഘട്ട സംരക്ഷണം സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം കസ്‌തൂരിരംഗന്റെ നേതൃത്വത്തിൽ തയ്യറാക്കിയ റിപ്പോർട് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. നേരത്തെ സമർപ്പിക്കപ്പെട്ട റിപ്പോർട്ടുകൾ വലിയ എതിർപ്പ് ഉണ്ടാക്കിയതിന്റെ പശ്‌ചാത്തലത്തിൽ, കേന്ദ്ര സർക്കാർ ആവശ്യപ്രകാരമാണ് കസ്‌തൂരിരംഗൻ ഈ ദൗത്യത്തിലെത്തിയത്.

പശ്‌ചിമഘട്ട സംരക്ഷണം സംബന്ധിച്ച് ആദ്യ ദൗത്യസംഘത്തിന് നേതൃത്വം നൽകിയത് പരിസ്‌ഥിതിശാസ്‌ത്ര പ്രഫസറായ മാധവ് ഗാഡ്‌ഗിൽ ആയിരുന്നു. കേരളം മുതൽ മഹാരാഷ്‌ട്ര വരെയുള്ള 5 സംസ്‌ഥാനങ്ങളിലെ മുഴുവൻ ആവാസവ്യവസ്‌ഥയും അതിന്റെ ആദിമശുദ്ധിയിൽ സംരക്ഷിക്കണമെന്നാണ് ഗാഡ്‌ഗിൽ ശുപാർശ ചെയ്‌തത്‌.

എന്നാൽ, റിപ്പോർട് പ്രാവർത്തികമാക്കിയാൽ വൻതോതിൽ കൃഷി, വ്യവസായ ഒഴിപ്പിക്കലുകൾ വേണ്ടിവരുമെന്ന് ആശങ്ക ഉയർന്നു. കേരളം ഉൾപ്പടെ പല സംസ്‌ഥാനങ്ങളിലും റിപ്പോർട്ടിനെതിരെ പ്രതിഷേധം ഉയർന്നു. തുടർന്നാണ് കസ്‌തൂരിരംഗനെ പശ്‌ചിമഘട്ട സംരക്ഷണ റിപ്പോർട്ടിന്റെ പുനഃപരിശോധനക്ക് നിയോഗിച്ചത്.

കൊച്ചിയിലെ ചിറ്റൂർ റോഡിലെ സമൂഹത്ത് മഠത്തിൽ കൃഷ്‌ണ സ്വാമിയുടെയും വിശാലാക്ഷിയുടെയും മകനായി 1940 ഒക്‌ടോബർ 24നാണ് ജനനം. ശാസ്‌ത്ര പഠനത്തിൽ ചെറുപ്പത്തിൽ തന്നെ താൽപര്യമുണ്ടായിരുന്നു. അഞ്ചാം ക്ളാസുവരെ കേരളത്തിൽ പഠിച്ചു. പിന്നീട് പിതാവിന്റെ ജോലി സ്‌ഥലമായ മുംബൈയിലേക്ക് മാറി.

ബോംബൈ സർവകലാശാലയിൽ നിന്ന് ഫിസിക്‌സിൽ മാസ്‌റ്റർ ബിരുദം, എക്‌സ്‌പിരിമെന്റൽ ഹൈ എനർജി അസ്‌ട്രോണമിയിൽ ഡോക്‌ടറേറ്റ് എന്നിവ നേടി. വിക്രം സാരാഭായി അഹമ്മദാബാദിൽ സ്‌ഥാപിച്ച ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിൽ ജോലി ചെയ്യവെയായിരുന്നു ആ നേട്ടം.

Most Read| രണ്ടുവയസുകാരനെ തേടി 40 ഉദ്യോഗസ്‌ഥർ, 16 മണിക്കൂറിന് ശേഷം കണ്ടെത്തിയത് നായ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE