താനൂർ വിളക്കീരി വെള്ളരിപ്പറമ്പ് സ്വദേശി സലീമിന്റെ കാലങ്ങളായുള്ള ആവശ്യമായിരുന്നു വീട്ടിലേക്ക് ഒരു വഴി വേണമെന്നത്. വഴിക്കായി സ്‌ഥലം വിട്ടുനൽകാൻ തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളോട് സലീം വർഷങ്ങളായി അഭ്യർഥിക്കുകയാണ്. എന്നാൽ, ബന്ധുക്കളാരും സലീമിനെ സഹായിക്കാൻ മുന്നോട്ടുവന്നില്ല.
എന്നാൽ, സലീമിന്റെ വീട്ടിലേക്ക് വഴിയൊരുക്കാൻ കുടുംബക്ഷേത്രത്തിന്റെ ഭൂമി സൗജന്യമായി വിട്ടുനൽകിയിരിക്കുകയാണ് ലക്ഷ്‌മി സുമയും പാർവതിയും. താനൂരിലെ കോളങ്ങരശ്ശേരി കുടുംബാംഗങ്ങളും ക്ഷേത്ര ഉടമകളുമാണ് ലക്ഷ്‌മിയും പാർവതിയും.
സലീമിന്റെ വഴിയുടെ എതിർവശത്തുള്ള സ്വകാര്യ ക്ഷേത്രത്തിന്റെ ഭൂമിയിൽ നിന്ന് വഴിക്കായി സൗകര്യം ലഭിക്കാൻ ഇടപെടാൻ താനൂർ പ്രിയം റെസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് വിപി ബാബുവും സെക്രട്ടറി കുഞ്ഞാവുട്ടി ഖാദറും സലീമിനോടൊപ്പം കുടുംബക്ഷേത്രത്തിന്റെ ഉടമകളായ കോളങ്ങരശ്ശേരി കുടുംബാംഗങ്ങളെ വീട്ടിൽ ചെന്ന് കണ്ട് അഭ്യർഥിച്ചു.
അസുഖബാധിതയായ ഉമ്മയുടെ ചികിൽസാ സമയത്ത് സലീമും കുടുംബവും അനുഭവിച്ച പ്രയാസങ്ങളടക്കം മനസിലാക്കിയ ലക്ഷ്‌മിയും പാർവതിയും റോഡിനാവശ്യമായ ഭൂമി സൗജന്യമായി വിട്ടുനൽകാൻ സമ്മതിക്കുകയായിരുന്നു.
ഇതിനായി കുടുംബ ക്ഷേത്രത്തിന്റെ ചുറ്റുമതിൽ പൊളിച്ച് ഒന്നര അടി വീതിയിലും 40 മീറ്റർ നീളത്തിലും ഭൂമി വിട്ടുകൊടുത്തു. സലീമിന്റെ വീട്ടിലേക്ക് റോഡ് സൗകര്യം ഒരുക്കാൻ അസോസിയേഷനെ ചുമതലപ്പെടുത്തുകയും ചെയ്‌തു. വഴി സൗകര്യം ഒരുക്കിയ ശേഷം സലീം ക്ഷേത്രമതിൽ പുനർനിർമിച്ച് നൽകുകയും ചെയ്‌തു.
Most Read| വ്യോമാതിർത്തി അടച്ചു; അത്യാധുനിക ജാമിങ് സംവിധാനങ്ങൾ വിന്യസിച്ച് ഇന്ത്യ