തിരുവനന്തപുരം: പത്‌മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ സ്വർണം തിരിച്ചുകിട്ടി. ക്ഷേത്രവളപ്പിലെ മണൽപ്പരപ്പിൽ നിന്നാണ് സ്വർണം കിട്ടിയത്. ക്ഷേത്ര ബോംബ് സ്‌ക്വാഡും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. സ്‌ട്രോങ് റൂമിൽ സൂക്ഷിച്ച സ്വർണം എങ്ങനെ മണലിലെത്തി എന്നതിൽ ദുരൂഹത തുടരുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
അതീവ സുരക്ഷയുള്ള ക്ഷേത്രത്തിൽ നിന്ന് കഴിഞ്ഞദിവസമാണ് 13 പവനിലധികം വരുന്ന സ്വർണം നഷ്‌ടപ്പെട്ടത്. ശ്രീകോവിലിന് മുന്നിലെ വാതിലിൽ പൂശാനായിരുന്നു സ്വർണം പുറത്തെടുത്തത്. ശ്രീ പത്‌മനാഭസ്വാമിയുടെ വിഗ്രഹ പ്രതിഷ്‌ഠ നടത്തിയിട്ടുള്ള ശ്രീകോവിലിന്റെ പ്രധാന വാതിലിൽ സ്വർണം പൂശുന്നത് ഏതാനും മാസങ്ങളായി തുടരുകയാണ്.
ഇതിനായി സ്‌ട്രോങ് റൂമിൽ സൂക്ഷിച്ചിട്ടുള്ള സ്വർണം പുറത്തെടുക്കുകയും ഓരോ ദിവസത്തെയും പണികൾ കഴിഞ്ഞശേഷം തിരികെ സ്‌ട്രോങ് റൂമിൽ സൂക്ഷിക്കുകയുമാണ് ചെയ്യുന്നത്. സുരക്ഷാ ചുമതലയുള്ള പോലീസിന്റെയും ക്ഷേത്രത്തിലെ ചുമതലപ്പെട്ട ഉദ്യോഗസ്‌ഥന്റെയും സാന്നിധ്യത്തിലാണ് സ്വർണം എടുക്കുകയും തിരികെ വയ്‌ക്കുകയും ചെയ്യുന്നത്.
ബുധനാഴ്‌ചയാണ് അവസാനമായി വാതിലിൽ സ്വർണം പൂശൽ നടന്നത്. ഇതിനുശേഷം തിരികെവെച്ച സ്വർണം ഇന്നലെ രാവിലെ പുറത്തെടുത്തപ്പോഴാണ് അളവിൽ കുറവുള്ള വിവരം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന്, ക്ഷേത്ര ജീവനക്കാരെയടക്കം പോലീസ് ചോദ്യം ചെയ്‌തിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് സ്വർണം ക്ഷേത്ര വളപ്പിലെ മണൽപ്പരപ്പിൽ നിന്ന് കണ്ടെത്തിയത്.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ