മുംബൈ: റിസർവ് ബാങ്ക് അടിസ്‌ഥാന പലിശനിരക്ക് (റിപ്പോ റേറ്റ്) അര ശതമാനം (0.50%) വെട്ടിക്കുറച്ചു. 0.25% ഇളവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് റിസർവ് ബാങ്ക് അര ശതമാനം ഇളവ് വരുത്തിയെന്നത് നിലവിൽ വായ്‌പാ ഇടപാടുകാർക്കും പുതുതായി വായ്‌പ തേടുന്നവർക്കും വൻ ആശ്വാസമായി.
നിലവിൽ 6 ശതമാനത്തിൽ നിന്ന് 5.5 ശതമാനത്തിലേക്കാണ് റിപ്പോ നിരക്ക് കുറച്ചത്. ഇതോടെ, കഴിഞ്ഞ മൂന്ന് യോഗങ്ങളിലായി ഒരു ശതമാനമാണ് പലിശഭാരം കുറഞ്ഞത്. ബാങ്കുകൾ വിതരണം ചെയ്യുന്ന ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ, മറ്റ് വ്യക്‌തിഗത വായ്‌പകളുടെ പലിശനിരക്കും ആനുപാതികമായി കുറയുമെന്നത് ജനങ്ങൾക്ക് വൻ ആശ്വാസമാകും.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലെയും ഏപ്രിലിലെയും യോഗത്തിൽ എംപിസി (മോണിറ്ററി പോളിസി കമ്മിറ്റി) 0.25% വീതം പലിശ കുറച്ചിരുന്നു. വായ്‌പകളുടെ പ്രതിമാസം തിരിച്ചടവ് (ഇഎംഐ) കുറയുമെന്നതിനാൽ വായ്‌പാ ഇടപാടുകാർക്ക് ഓരോ മാസവും കൂടുതൽ തുക വരുമാനത്തിൽ മിച്ചം പിടിക്കാം. ഈ തുക മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുമാകും.
Most Read| ചിന്നസ്വാമി സ്‌റ്റേഡിയം അപകടം; ആർസിബി മാർക്കറ്റിങ് മേധാവിയടക്കം നാലുപേർ അറസ്‌റ്റിൽ





































