വാഷിങ്ടൻ: ഇറാന് നേരെ ഇസ്രയേൽ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി യുഎസ് രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചെന്ന് യുഎസ് മാദ്ധ്യമങ്ങൾ. ഇറാന്റെ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തിയേക്കുമെന്ന അഭ്യൂഹത്തെ തുടർന്ന് യുഎസ് കനത്ത ജാഗ്രതയിലാണെന്നാണ് റിപ്പോർട്.
ഇറാന്റെ ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട് യുഎസും ടെഹ്റാനും തമ്മിൽ നടക്കുന്ന ചർച്ച പരാജയപ്പെട്ടാൽ യുഎസിന്റെ സമ്മതമില്ലാതെ തന്നെ ഇസ്രയേൽ ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് യുഎസ് ഭയപ്പെടുന്നതായി ‘ദ് വാഷിങ്ടൻ പോസ്റ്റ്’ റിപ്പോർട് ചെയ്തു.
അതേസമയം, കുവൈത്ത്, യുഎഇ ഉൾപ്പടെയുള്ള മധ്യപൂർവ രാജ്യങ്ങളിൽ നിന്ന് അത്യാവശ്യമല്ലാത്ത നയതന്ത്ര പ്രതിനിധികളെയും സൈനിക ഉദ്യോഗസ്ഥരെയും കുടുംബാംഗങ്ങളെയും പിൻവലിക്കാൻ യുഎസ് പ്രതിരോധ വകുപ്പ് തീരുമാനിച്ചു. പശ്ചിമേഷ്യയിൽ ഉടനീളമുള്ള യുഎസ് സൈനികരുടെ കുടുംബാംഗങ്ങൾക്ക് സ്വമേധയാ മടങ്ങാൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അനുമതി നൽകി.
പശ്ചിമേഷ്യയിൽ വളർന്നുവരുന്ന പിരിമുറുക്കം യുഎസ് സെൻട്രൽ കമാൻഡ് നിരീക്ഷിച്ചുവരികയാണെന്നും അതിന്റെ ഭാഗമാണ് ഉദ്യോഗസ്ഥരെ പിൻവലിക്കാനുള്ള തീരുമാനമെന്നുമാണ് വിവരം. ”അപകടകരമായ സ്ഥലമാകാൻ സാധ്യതയുള്ളതിനാലാണ് അവരെ മാറ്റുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം. അവരോട് മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്”- യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
ഇറാഖിലെ തങ്ങളുടെ എംബസി ഭാഗികമായി ഒഴിപ്പിക്കാനും യുഎസ് തീരുമാനിച്ചിട്ടുണ്ട്. നേരത്തെ, മധ്യപൂർവദേശത്ത് നിന്ന്, പ്രത്യേകിച്ച് ഇറാനിൽ നിന്ന് യുഎസ് സൈനികരെ പിൻവലിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇറാൻ അപകടകരമായ രാജ്യമാണെന്നാണ് ഇതിന് കാരണമായി ട്രംപ് വിശദീകരിച്ചത്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!