വാഷിങ്ടൻ: ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ആണവപദ്ധതി സംബന്ധിച്ച് എത്രയുംവേഗം ഒരു ഉടമ്പടിയിൽ ഏർപ്പെടാൻ ട്രംപ് ഇറാനോട് ആവശ്യപ്പെട്ടു. താൻ ഒന്നിന് പുറകെ ഒന്നായി ഇറാന് അവസരങ്ങൾ നൽകിയെന്നും ട്രംപ് പറഞ്ഞു.
ഇറാനോട് ശക്തമായ വാക്കുകളിൽ പറഞ്ഞിട്ടും ആണവകരാർ യാഥാർഥ്യമായില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച പുലർച്ചെ നടന്ന ഇസ്രയേൽ ആക്രമണത്തിൽ ഇറാന് ശക്തമായ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കും. ഒന്നും അവശേഷിക്കാതെ ആകുന്നതിന് മുൻപ് ഇറാൻ ഉടമ്പടിക്ക് തയ്യാറാകണമെന്നും ട്രംപ് സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചു.
യുഎസും ഇറാനും തമ്മിൽ ആണവ കരാറിനായുള്ള ചർച്ചകൾ ആറാം ഘട്ടത്തിലേക്ക് കടക്കാനിരിക്കെയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. എന്നാൽ, ഇസ്രയേൽ ഇറാനെ ആക്രമിക്കുമെന്ന് നേരത്തെ അറിയാമായിരുന്നെങ്കിലും ആക്രമണത്തിൽ യുഎസിന് പങ്കില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.
ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഗേരിയും ഇറാൻ റവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) മേധാവി ഹൊസൈൻ സലാമിയും കൊല്ലപ്പെട്ടിരുന്നു.
ടെഹ്റാനിൽ മാത്രം ആറ് സ്ഫോടനങ്ങൾ നടന്നെന്നും ഇറാന്റെ ആണവ പ്ളാന്റുകൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചു. ഇറാന്റെ ഭീഷണിയെ നേരിടുന്നതിനായി ഓപ്പറേഷൻ റൈസിങ് ലയൺ തുടരുമെന്നും ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതിനിടെ, ഇസ്രയേലിന്റെ ആക്രമണം യുദ്ധപ്രഖ്യാപനമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി പറഞ്ഞു. വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് അദ്ദേഹം യുഎന്നിനോട് ആവശ്യപ്പെട്ടു. ഇറാനിൽ കടുത്ത ആഘാതം വിതച്ച ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി രംഗത്തെത്തിയിരുന്നു.
ഇസ്രയേൽ സ്വയം കയ്പ്പേറിയതും വേദനാജനകവുമായ വിധി നിർണയിച്ചിരിക്കുകയാണെന്നും അത് അവർക്ക് ലഭിച്ചിരിക്കുമെന്നും ഖമനയി പറഞ്ഞു. ഇസ്രയേലിലെ സയണിസ്റ്റ് ഭരണകൂടം കടുത്ത ശിക്ഷ കാത്തിരിക്കണമെന്നും ഖമനയി മുന്നറിയിപ്പ് നൽകി. അതിനിടെ, ഇസ്രയേലിന് ഇറാൻ തിരിച്ചടി നൽകിയതായാണ് റിപ്പോർട്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!