ജറുസലേം: ഇസ്രയേലിന് കനത്ത തിരിച്ചടി നൽകി ഇറാൻ. ഇസ്രയേലിലെ ടെൽ അവീവിൽ ഇറാൻ വലിയ മിസൈലാക്രമണം നടത്തി. സ്ഫോടന ശബ്ദങ്ങൾക്ക് പിന്നാലെ വലിയ പുക ഉയർന്നതായി രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തു. ഒരു സ്ത്രീ കൊല്ലപ്പെട്ടതായും 40 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
വെള്ളിയാഴ്ച രാത്രി നടത്തിയ ഇറാന്റെ മിസൈൽ ആക്രമണത്തിലാണ് സ്ത്രീ കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം ഇറാനിലെ നൂറിലേറെ സ്ഥലങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയാണ് ഇറാൻ നൽകിയിരിക്കുന്നത്. ഇറാന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രത പാലിക്കാൻ ജനങ്ങൾക്ക് ഇസ്രയേൽ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.
ആക്രമണം നടന്ന സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇസ്രയേൽ പുറത്തുവിട്ടിട്ടില്ല. അപകട സൈറണുകൾ തുടർച്ചയായി മുഴങ്ങിയതിനെ തുടർന്ന് ജനങ്ങൾ ഭൂഗർഭ ബങ്കറുകളിൽ അഭയം തേടി. അതേസമയം, വിമാനം വെടിവെച്ചിട്ടെന്ന ഇറാന്റെ വാദം തെറ്റാണെന്നും ഇസ്രയേൽ പ്രതികരിച്ചു. ഇറാൻ സമയം പുലർച്ചെ മൂന്നിനുശേഷം ഇസ്രയേൽ പോർവിമാനങ്ങൾ തലസ്ഥാനമായ ടെഹ്റാനിലും മുഖ്യ ആണവകേന്ദ്രമായ നതാൻസിലുമടക്കം നൂറിലേറെ കേന്ദ്രങ്ങളിൽ ബോംബിട്ടിരുന്നു.
ഇറാന്റെ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഗേരി ഉൾപ്പടെ സൈന്യത്തിലെ ആദ്യ നാല് സ്ഥാനക്കാരും ഇറാൻ റവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) മേധാവി ഹൊസൈൻ സലാമിയും കൊല്ലപ്പെട്ടിരുന്നു. കൂടാതെ, രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ മുഖ്യ ഉപദേഷ്ടാവും ആറ് ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിരുന്നു. ടെഹ്റാനിലെ പാർപ്പിട സമുച്ചയം തകർക്കപ്പെട്ടു. 78 പേർ കൊല്ലപ്പെട്ടെന്നും 300ലേറെ പേർക്ക് പരിക്കേറ്റെന്നും ഇറാൻ അറിയിച്ചു.
Most Read| വടക്കൻ കേരളത്തിൽ മഴ കനക്കും; രണ്ട് ജില്ലകളിൽ റെഡ് അലർട്, കാറ്റിനും സാധ്യത