തിരുവനന്തപുരം: സംസ്‌ഥാനത്ത് റേഷൻ മണ്ണെണ്ണ വിതരണം നാളെമുതൽ ആരംഭിക്കുമെന്ന് മന്ത്രി ജിആർ അനിൽ. റേഷൻ പ്രതിനിധികളുമായി ചർച്ച നടത്തിയെന്നും മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അവസാനിച്ചെന്നും മന്ത്രി പറഞ്ഞു. ഒരു ലിറ്റർ മണ്ണെണ്ണയ്‌ക്ക് 61 രൂപയാണ് വില.
വൈദ്യുതി ഇല്ലാത്ത കുടുംബങ്ങൾക്ക് ആറുലിറ്റർ മണ്ണെണ്ണ ലഭിക്കും. എഎവൈ കാർഡുകാർക്ക് ഒരുലിറ്റർ മണ്ണെണ്ണയും മറ്റു കാർഡുകാർക്ക് അര ലിറ്റർ വീതവും ലഭിക്കും. കേന്ദ്രസർക്കാർ മണ്ണെണ്ണ വിഹിതം അനുവദിച്ചെങ്കിലും കടത്തുകൂലിയും കമ്മിഷനും സംബന്ധിച്ചുള്ള തർക്കം മൂലം വിതരണം മുടങ്ങിയ അവസ്‌ഥയായിരുന്നു.
മഞ്ഞ, നീല കാർഡ് ഉടമകൾക്ക് ഒരുവർഷമായും മറ്റു കാർഡ് ഉടമകൾക്ക് രണ്ടര വർഷത്തിലേറെയായും മണ്ണെണ്ണ വിതരണം ചെയ്‌തിരുന്നില്ല. ജൂൺ 30ന് അവസാനിക്കുന്ന 2025-26 സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിൽ സംസ്‌ഥാനത്തിന് അനുവദിച്ച 5676 കിലോ ലിറ്റർ മണ്ണെണ്ണയുടെ ഏറ്റെടുപ്പും വിതരണവുമാണ് നടക്കാനിരിക്കുന്നത്.
ഇത് പൂർത്തിയാക്കാൻ സെപ്‌തംബർ 30ന് അവസാനിക്കുന്ന രണ്ടാംപാദം വരെ സാവകാശം അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്. 2025-26 രണ്ടാം പാദത്തിലേക്കും 5676 കിലോമീറ്റർ മണ്ണെണ്ണ അനുവദിച്ചതായി മന്ത്രി അറിയിച്ചിരുന്നു. സംസ്‌ഥാനത്തെ പിഡിഎസ്, സബ്‌സിഡി, നോൺ-സബ്‌സിഡി മണ്ണെണ്ണ വിതരണം ചെയ്യുന്ന മൊത്തവ്യാപാരികൾക്കുള്ള കടത്തുകൂലിയും റേഷൻ വ്യാപാരികൾക്കുള്ള റീട്ടെയിൽ കമ്മിഷനും സർക്കാർ വർധിപ്പിച്ചിരുന്നു.
Most Read| ഫലമറിയാനുള്ള ആകാംക്ഷയിൽ മുന്നണികൾ; നിലമ്പൂരിൽ പോളിങ് 75.27%