ടെൽ അവീവ്: ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിന് കനത്ത തിരിച്ചടി നൽകി ഇറാൻ. ഇസ്രയേലിന് നേരെ ഇറാൻ 30ഓളം ബാലിസ്‌റ്റിക് മിസൈലുകൾ തൊടുത്തുവെന്നാണ് വിവരം. ടെൽ അവീവ്, ഹൈഫ, ജറുസലേം തുടങ്ങിയ ഇസ്രയേലിലെ പ്രധാന നഗരങ്ങളിൽ ഒന്നിലേറെ സ്‌ഫോടന ശബ്‌ദങ്ങൾ കേട്ടതായാണ് റിപ്പോർട്.
ഇസ്രയേലിലെ പ്രധാന നഗരങ്ങളിലെല്ലാം തുടർച്ചയായി അപകട സൈറണുകൾ മുഴങ്ങുന്നുണ്ട്. ഇറാന്റെ മിസൈൽ ആക്രമണം ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇസ്രയേലിലെ അപായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങളോട് ബങ്കറുകളിൽ തുടരാനും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇറാന്റെ ആക്രമണം പ്രതിരോധിക്കാനും ഭീഷണി ഇല്ലാതാക്കാനുമുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും ഇസ്രയേൽ സേന അറിയിച്ചു.
30ഓളം മിസൈലുകൾ ഉപയോഗിച്ചാണ് ഇറാൻ ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. അതേസമയം, അമേരിക്കയിലും കനത്ത ജാഗ്രത തുടരുകയാണ്. വാഷിങ്ടൻ, ന്യൂയോർക്ക് സിറ്റി എന്നിവിടങ്ങളിൽ സുരക്ഷ ശക്‌തമാക്കിയിട്ടുണ്ട്. നഗരങ്ങളിലെ പ്രധാന സ്‌ഥാപനങ്ങളെല്ലാം നിരീക്ഷിച്ചുവരികയാണ്. ഇറാൻ തിരിച്ചടിക്കാനുള്ള സാധ്യത അമേരിക്കയും മുൻകൂട്ടി കാണുന്നുണ്ട്.
ഇസ്രയേലിലെ പ്രധാനപ്പെട്ട എല്ലാ ഓഫീസുകളും കേന്ദ്രങ്ങളും അടച്ചിട്ടുണ്ട്. ആളുകളെ ഒഴിപ്പിച്ചു. സ്‌കൂളുകളും ജോലി സ്‌ഥലങ്ങളും ഓഫീസുകളുമെല്ലാം അടച്ചിടാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അത്യാവശ്യ സേവനങ്ങൾ മാത്രം തുറന്നുപ്രവർത്തിക്കാനാണ് അനുമതി. അതേസമയം, യുഎസ് ആക്രമണങ്ങൾക്ക് പിന്നാലെ ആണവ ചോർച്ചയില്ലെന്ന് ഇറാൻ ആണവോർജ ഏജൻസി വ്യക്‌തമാക്കി.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!