ടെഹ്‌റാൻ: ഇസ്രയേലുമായുള്ള വെടിനിർത്തലിന് ഇതുവരെ കരാർ ആയിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. ഇസ്രയേലാണ് യുദ്ധം ആരംഭിച്ചത്. ഇസ്രയേൽ ഭരണകൂടം ഇറാനിയൻ ജനതയ്‌ക്കെതിരായ നിയമവിരുദ്ധമായ ആക്രമണം നിർത്തുകയാണെങ്കിൽ അതിനുശേഷം ഇറാൻ സൈനിക പ്രതികരണം തുടരാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി എക്‌സിൽ കുറിച്ചു.
സൈനിക നടപടികൾ അവസാനിപ്പിക്കുന്നതിനെ കുറിച്ചുള്ള അന്തിമ തീരുമാനം പിന്നീട് എടുക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇസ്രയേലിന്റെ ആക്രമണത്തിന് എതിരെ സായുധ സേനയുടെ നടപടികൾ പുലർച്ചെ നാലുമണിവരെ തുടർന്നതായും മന്ത്രി പറഞ്ഞു. രാജ്യത്തെ ജനങ്ങൾക്കും ശത്രുവിനെ പ്രതിരോധിച്ച സൈന്യത്തിനും അദ്ദേഹം നന്ദി പറഞ്ഞു.
ഇറാഖിലെ സൈനിക താവളത്തിൽ ഡ്രോൺ ആക്രമണം നടന്നതായി ഇറാഖ് സൈന്യം വ്യക്‌തമാക്കി. വടക്കൻ ബാഗ്‌ദാദിലെ താജി സൈനിക താവളത്തിന് നേരെയാണ് ആക്രമണം നടന്നത്. നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തിട്ടില്ല. 2020ൽ യുഎസ് ഇറാഖിന് കൈമാറിയ സൈനിക താവളമാണിത്. അതിനിടെ, പടിഞ്ഞാറൻ ഇറാഖിൽ യുഎസിന്റെ ഐൻ അൽ അസദ് താവളത്തിൽ ആക്രമണ നടന്നെന്ന കാര്യം യുഎസ് നിഷേധിച്ചിരുന്നു.
ഇന്നലെ രാത്രി ഖത്തറിലെ യുഎസ് സേനാതാവളത്തിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. മധ്യപൂർവദേശത്തെ ഏറ്റവും വലിയ യുഎസ് താവളമായി അൽ ഉസൈദ് എയർ ബേസിലേക്ക് ഖത്തർ സമയം രാത്രി 7.42ന് 14 മിസൈലുകളാണ് തൊടുത്തത്. പിന്നാലെ, 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കുമെന്നും ഇരു രാജ്യങ്ങളും വെടിനിർത്തലിന് കരാറായെന്നും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
സാമൂഹിക മാദ്ധ്യമത്തിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. വെടിനിർത്തൽ സന്നദ്ധത യുഎസാണ് അറിയിച്ചതെന്നും വെടിനിർത്തലിന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ സമ്മതം വാങ്ങിയ ട്രംപ്, ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്‌ദുൽ റഹ്‌മാൻ അൽതാനിയുമായി ഫോണിൽ ബന്ധപ്പെട്ട് ഇറാനുമായി സംസാരിക്കാൻ അഭ്യർഥിക്കുകയായിരുന്നുവെന്നും വാർത്താ ഏജൻസികൾ റിപ്പോർട് ചെയ്‌തു.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ