നെയ്യാറ്റിൻകര: മൊബൈൽ ഉപയോഗം മാനസികനില തകരാറിലാക്കിയ മകന്റെ അടിയേറ്റ് പിതാവ് മരിച്ചു. നെയ്യാറ്റിൻകര അതിയന്നൂർ വെൺപകലിന് സമീപം പട്ട്യക്കാല സംഗീത് ഭവനിൽ സുനിൽ കുമാർ (60) ആണ് മരിച്ചത്. മകൻ സിജോയി സാമുവേലിനെ (19) പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
അമിതമായ മൊബൈൽ ഉപയോഗം കാരണം സിജോയിയുടെ മാനസികനില തകരാറിലായിരുന്നു എന്നാണ് നെയ്യാറ്റിൻകര പോലീസ് പറയുന്നത്. വീട്ടുകാരെ ആക്രമിക്കുന്നത് പതിവായിരുന്നു. ഇടയ്ക്ക് ചികിൽസ നടത്തുകയും സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തിരുന്നെങ്കിലും ആക്രമണം തുടർന്നു. ഇതോടെ സുനിൽ കുമാറും ഭാര്യ ലളിത കുമാരിയും കാഞ്ഞിരംകുളം പനനിന്നയിലേക്ക് വാടകയ്ക്ക് താമസം മാറി.
എന്നാൽ, സിജോയിക്ക് ദിവസവും ഇവർ ഭക്ഷണം എത്തിച്ചിരുന്നു. സംഭവ ദിവസം ഭക്ഷണവുമായി എത്തിയ പിതാവിനോട് സിജോയി പണം ആവശ്യപ്പെടുകയും അത് ലഭിക്കാതെ വന്നതോടെ ആക്രമിക്കുകയും ആയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അടിയേറ്റ് വീണ സുനിൽ കുമാറിനെ നാട്ടുകാരാണ് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
ചികിൽസയിലിരിക്കെ ചൊവ്വാഴ്ചയാണ് സുനിൽ കുമാർ മരിച്ചത്. കാൽ വഴുതി വീണു എന്നാണ് ആശുപത്രി അധികൃതരോട് സുനിൽ കുമാർ ആദ്യം പറഞ്ഞത്. എന്നാൽ, വീഴ്ചയിൽ സംഭവിച്ച പരുക്കുകളല്ലെന്ന് മനസിലാക്കിയ അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സുനിൽ കുമാർ- ലളിത കുമാരി ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയവനാണ് സിജോയി.
ഹോട്ടൽ തൊഴിലാളിയായിരുന്നു സുനിൽ കുമാർ. മകൻ സദാസമയവും മൊബൈലിൽ ഗെയിം കളിക്കുന്നതിനെ സുനിൽ കുമാർ പലപ്പോഴും ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടർന്ന് സിജോയി നിരന്തരം അച്ഛനെയും അമ്മയെയും മർദ്ദിക്കാറുണ്ടായിരുന്നു. പ്ളസ് വൺ വരെ മാത്രമേ സിജോയി സ്കൂളിൽ പോയിട്ടുള്ളൂ. അതേസമയം, സുനിൽ കുമാറിന്റെ സംസ്കാരം നടത്തി.
Most Read| തറയ്ക്കടിയിൽ നിന്ന് രക്തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!