വിപ്ളവ നായകൻ ഇനി ജ്വലിക്കുന്ന ഓർമ; വിഎസ് അച്യുതാനന്ദൻ അന്തരിച്ചു

2006 മുതൽ 2011 വരെ സംസ്‌ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 2016ൽ ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വന്നപ്പോൾ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി.

By Senior Reporter, Malabar News
VS Achuthanandan

തിരുവനന്തപുരം: രാഷ്‌ട്രീയ ഏടുകളിലെ വിപ്ളവ നായകൻ ഇനി ജ്വലിക്കുന്ന ഓർമ. സിപിഎം സ്‌ഥാപക നേതാക്കളിലൊരാളും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദൻ അന്തരിച്ചു. 102 വയസായിരുന്നു. ഇന്ന് വൈകിട്ട് 3.20നായിരുന്നു അന്ത്യം. ഏറെക്കാലമായി രോഗബാധിതനായി വിശ്രമത്തിലായിരുന്ന വിഎസിനെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ജൂൺ 23ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

പുന്നപ്ര- വയലാർ സമരനായകനായി, ഏറ്റവും തലമുതിർന്ന കമ്യൂണിസ്‌റ്റ് നേതാവായി പതിറ്റാണ്ടുകളോളം രാഷ്‌ട്രീയത്തിൽ നിറഞ്ഞുനിന്ന ജ്വലിക്കുന്ന നേതാവാണ് ഇന്ന് കേരള രാഷ്‌ട്രീയത്തോട്‌ വിട പറഞ്ഞത്. 2006 മുതൽ 2011 വരെ സംസ്‌ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 2016ൽ ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വന്നപ്പോൾ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി.

1923 ഒക്‌ടോബർ 20ന് പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി ജനിച്ച വിഎസ്, 1940 മുതൽ ഇടതു പ്രസ്‌ഥാനത്തിന്റെ സഹയാത്രികനാണ്. ആലപ്പുഴ ഡിവിഷൻ സെക്രട്ടറി, ജില്ലാ സെക്രട്ടറി, സിപിഐ ദേശീയ സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്നാണ് മുഴുവൻ പേര്.

1964ൽ പാർട്ടി പിളർന്നതോടെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായി. 1985 മുതൽ 2009 വരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു. മൂന്നുതവണ സംസ്‌ഥാന സെക്രട്ടറിയും രണ്ടുതവണ പ്രതിപക്ഷ നേതാവുമായി. 1965ൽ സ്വന്തം തട്ടകമായ അമ്പലപ്പഴുഹയിലായിരുന്നു നിയമസഭയിലേക്കുള്ള കന്നി മൽസരം. തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കെഎസ് കൃഷ്‌ണക്കുറുപ്പിനോട് 2327 വോട്ടിന് തോറ്റ വിഎസ് 1967ൽ കോൺഗ്രസിലെ എം അച്യുതനെ 9515 വോട്ടിന് പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി.

1970ലും വിഎസ് വിജയം ആവർത്തിച്ചു. ആർഎസ്‌പിയിലെ കെകെ കുമാരപിള്ളയെ 2768 വോട്ടിനായിരുന്നു തോൽപ്പിച്ചത്. എന്നാൽ, 1977ൽ കെകെ കുമാരപിള്ളയോട് 5585 വോട്ടിന് വിഎസ് അടിയറവ് പറഞ്ഞു. പിന്നീട് നീണ്ട ഇടവേളക്കു ശേഷം 1991ൽ മാരാരിക്കുളത്ത് മൽസരിച്ച് ജയിച്ച വിഎസ് 1996ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ പിജെ ഫ്രാൻസിസിനോട് തോറ്റു.

വിഎസിന്റെ ഈ പരാജയം സിപിഎമ്മിൽ വൻ കോളിളക്കമാണ് ഉണ്ടാക്കിയത്. ജില്ലയിൽ ജനിച്ചുവളർന്ന നേതാവ് മാരാരിക്കുളത്ത് തോറ്റപ്പോൾ ഞെട്ടിയത് ആലപ്പുഴ കൂടിയായിരുന്നു. അങ്ങനെ 2001 മുതൽ വിഎസ് മലമ്പുഴയുടെ സ്വന്തം എംഎൽഎയായി. പലതവണ നിയമസഭയിൽ എത്തിയിട്ടും അതികാര സ്‌ഥാനങ്ങൾ വിഎസിന് ഏറെ ജയിക്കുമ്പോൾ വിഎസ് തോൽക്കും. വിഎസ് ജയിക്കുമ്പോൾ പാർട്ടി തോൽക്കും എന്നൊരു പ്രയോഗം തന്നെ ഇക്കാലയളവിൽ ഉണ്ടായിരുന്നു.

എന്നാൽ, ഈ പ്രയോഗത്തിന് അവസാനിമിട്ട് 2006ൽ എൽഡിഎഫ് വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയും വിഎസിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയും ആയിരുന്നു. കേരളത്തിലെ ഏറ്റവും പ്രായംചെന്ന മുഖ്യമന്ത്രിയായിരുന്നു അന്ന് 82 വയസുള്ള വിഎസ്. 2011ൽ വിഎസ് വീണ്ടും മലമ്പുഴയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അത്തവണ എൽഡിഎഫ് പ്രതിപക്ഷത്തായിരുന്നു.

2016ൽ എൽഡിഎഫ് ഭരണത്തിൽ തിരിച്ചുവരികയും വിഎസ് മലമ്പുഴയിൽ നിന്ന് വിജയം ആവർത്തിക്കുകയും ചെയ്‌തെങ്കിലും മുഖ്യമന്ത്രിയായത് പിണറായി വിജയൻ ആയിരുന്നു. അനുരഞ്ജനം എന്ന നിലയിൽ വിഎസിനെ പിന്നീട് ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനാക്കി. പ്രായാധിക്യത്തെയും അനാരോഗ്യത്തെയും തുടർന്ന് 2021ലെ തിരഞ്ഞെടുപ്പിൽ മൽസര രംഗത്തില്ലായിരുന്നു.

ഭാര്യ: വസുമതി (ആലപ്പുഴ മെഡിക്കൽ കോളേജിലെ റിട്ട. ഹെഡ് നഴ്‌സ്), മക്കൾ: ഡോ. വിവി ആശ, ഡോ. വിഎ അരുൺ കുമാർ.

Most Read| ചരിത്രം കുറിച്ച് ആസ്‌ത പൂനിയ; നാവികസേനയിലെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE