തിരുവനന്തപുരം: വിടപറഞ്ഞ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതികദേഹം സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ പൊതുദർശനത്തിന് എത്തിച്ചു. ബാർട്ടൺ ഹില്ലിലെ മകന്റെ വീട്ടിൽ നിന്ന് വിലാപ യാത്രയായാണ് ഭൗതികദേഹം ദർബാർ ഹാളിൽ എത്തിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും അന്തിമോപചാരം അർപ്പിച്ചു.
വിഎസിനെ അവസാനമായി ഒരുനോക്ക് കാണാൻ ജനസാഗരമാണ് ദർബാർ ഹാളിലേക്ക് എത്തുന്നത്. ഉച്ചയ്ക്ക് ശേഷം വിലാപയാത്രയായി ദേശീയപാതയിലൂടെ കൊല്ലം വഴി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. വിവിധ സ്ഥലങ്ങളിൽ പൊതുദർശനമുണ്ട്. രാത്രിയോടെ ആലപ്പുഴ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കും.
നാളെ രാവിലെ ഒമ്പത് മുതൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും പത്തുമുതൽ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം. ഉച്ചകഴിഞ്ഞ് മൂന്നിന് വലിയ ചുടുകാട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം.
അതേസമയം, വിഎസിന്റെ പൊതുദർശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഉണ്ടാവും. സെക്രട്ടറിയേറ്റ് ഭാഗത്തേക്ക് വാഹനഗതാഗതം അനുവദിക്കില്ലെന്ന് പോലീസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
പൊതുദർശനത്തിനായി വരുന്നവരുടെ ചെറിയ വാഹനങ്ങൾ യൂണിവേഴ്സിറ്റി ക്യാംപസ്, വെള്ളയമ്പലം വാട്ടർ അതോറിറ്റി പാർക്കിങ് ഗ്രൗണ്ട്, ജിമ്മി ജോർജ് സ്റ്റേഡിയം ഗ്രൗണ്ട്, ടാഗോർ തിയേറ്റർ ഗ്രൗണ്ട്, തൈക്കാട് പിറ്റിസി ഗ്രൗണ്ട് എന്നിവിടങ്ങളിലായി പാർക്ക് ചെയ്യണം. വലിയ വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്ര ഗ്രൗണ്ടിലും കവടിയാറിലെ സാൽവേഷൻ ആർമി ഗ്രൗണ്ടിലും പൂജപ്പുര ഗ്രൗണ്ടിലുമായി പാർക്ക് ചെയ്യണം.
അതേസമയം, വിഎസിനോടുള്ള ആദരസൂചകമായി സർക്കാർ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. ഇന്ന് മുതൽ മൂന്ന് ദിവസം സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണവുമുണ്ടാകും.
ദേശീയപാത താഴ്ത്തികെട്ടും. പിഎസ്സി ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. കേരള, കാലിക്കറ്റ്, എംജി, കണ്ണൂർ, ആരോഗ്യ സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. വിഎസിന്റെ നിര്യാണം പാർട്ടിക്ക് നികത്താനാവാത്ത നഷ്ടമെന്ന് സിപിഎം സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
Most Read| തറയ്ക്കടിയിൽ നിന്ന് രക്തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!