മൂന്നാർ: ഇനി മൂന്നാറിലെത്തുന്ന വനിതാ വിനോദ സഞ്ചാരികൾക്ക് പ്രകൃതി ഭംഗി ആസ്വദിച്ച് സുരക്ഷിതമായി താമസിക്കാം. പള്ളിവാസൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്‌ത്രീകൾക്ക് മാത്രമായി നിർമിച്ച ജില്ലയിലെ ആദ്യ ഷീ ലോഡ്‌ജിന്റെ നിർമാണം പൂർത്തിയായി. ഓഗസ്‌റ്റ് അവസാനത്തോടെ ഉൽഘാടനം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
പള്ളിവാസൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രണ്ടാം മൈലിലെ പഞ്ചായത്ത് ഓഫീസിന് തൊട്ടടുത്തുള്ള പഞ്ചായത്ത് അസിസ്‌റ്റന്റ് എൻജിനിയറുടെ കാര്യാലയത്തിന് സമീപമാണ് ഷീ ലോഡ്‌ജ് നിർമിച്ചിരിക്കുന്നത്. വനിതകൾക്ക് കുറഞ്ഞ ചിലവിൽ താമസിക്കാം. എട്ടു മുറികൾ, 32 പേർക്ക് താമസിക്കാവുന്ന ഡോർമിറ്ററി, ഭക്ഷണശാല, അടുക്കള എന്നിവ അടങ്ങിയതാണ് ലോഡ്‌ജ്.
പഞ്ചായത്തിന്റെ തന്നെ വിഹിതത്തിൽ നിന്ന് 1.25 കോടി രൂപ ചിലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. പഞ്ചായത്ത് മുൻകൈയെടുത്ത് നിർമിക്കുന്ന സംസ്‌ഥാനത്തെ ആദ്യ ഷീ ലോഡ്‌ജാണിത്. മൂന്നാറിലെത്തുന്ന വനിതാ സഞ്ചാരികൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിതമായ താമസസൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് ഷീ ലോഡ്‌ജ് വിഭാവനം ചെയ്‌തത്.
2022 മാർച്ചിലാണ് നിർമാണം തുടങ്ങിയത്. ചിത്തിരപുരം, രണ്ടാം മൈൽ എന്നിവിടങ്ങളിലെ പ്രകൃതി ഭംഗി ഓരോ മുറികളിലുമിരുന്ന് കാണാൻ കഴിയുന്ന വിധത്തിലാണ് കെട്ടിടത്തിന്റെ രൂപകൽപ്പന.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!








































