ന്യൂഡെൽഹി: 79ആം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രാജ്ഘട്ടിൽ സന്ദർശനം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. പതാക ഉയർത്തിയ ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു.
പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ ചുട്ട മറുപടി നൽകി. മതം ചോദിച്ച് നിഷ്കളങ്കരെ വകവരുത്തിയവരെ നേരിടാൻ ഇന്ത്യൻ സേനയ്ക്ക് സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകി. പാക്കിസ്ഥാന്റെ ആണവഭീഷണി ഇന്ത്യയോട് വേണ്ടെന്ന് ആവർത്തിച്ച പ്രധാനമന്ത്രി, സിദ്ധു നദീജല കരാറിൽ പുനരാലോചനയില്ലെന്നും രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും ഓർമിപ്പിച്ചു.
ഓപ്പറേഷൻ സിന്ദൂർ എന്നത് ഇന്ത്യയുടെ രോഷത്തിന്റെ പ്രകടനമാണെന്നും പ്രതികാരത്തിനുള്ള സമയവും സ്ഥലവും തീരുമാനിച്ച സൈന്യം സങ്കൽപ്പിക്കാനാവാത്ത കാര്യമാണ് രാജ്യത്തിനായി ചെയ്തതെന്നും മോദി പറഞ്ഞു. ഭരണഘടനയാണ് രാജ്യത്തിന്റെ വഴികാട്ടിയെന്ന് ഓർമിപ്പിച്ച് ഭരണഘടനാ ശിൽപ്പികൾക്ക് ആദരം അർപ്പിച്ച മോദി, ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത ധീര ജവാൻമാർക്ക് സല്യൂട്ട് നൽകുന്നുവെന്നും അറിയിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യ തലസ്ഥാനമായ ഡെൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയിലും പരിസരത്തുമായി 11000ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയും 3000 ട്രാഫിക് പോലീസിനെയും നിയോഗിച്ചു. നഗരത്തിലുടനീളം നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തും വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാക ഉയർത്തും. മറ്റു ജില്ലകളിൽ മന്ത്രിമാർ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. നിയമസഭാ സമുച്ചയത്തിൽ സ്പീക്കർ എഎൻ ഷംസീർ പതാക ഉയർത്തും.
Most Read| ഇന്ത്യക്കുമേൽ ഇനിയും അധിക തീരുവ ചുമത്തിയേക്കും; യുഎസ് ട്രഷറി സെക്രട്ടറി