കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ച 13 പേരിൽ കണ്ണൂർ സ്വദേശിയായ യുവാവും. ഇരിണാവിലെ പൊങ്കാരൻ സച്ചിനാണ് (31) മരിച്ചത്. 5 മലയാളികൾ ഉൾപ്പടെ പത്ത് ഇന്ത്യക്കാർ മരിച്ചതായി സൂചനയുണ്ടെങ്കിലും കുവൈത്ത് അധികൃതരോ ഇന്ത്യൻ എംബസിയോ ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
63 പേർ ചികിൽസ തേടിയതായി കുവൈത്ത് ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കിയിട്ടുണ്ട്. ഇവരിൽ 21 പേർക്ക് കാഴ്‌ച നഷ്‌ടപ്പെട്ടു. ചികിൽസയിൽ കഴിയുന്നവരിൽ ചിലരുടെ നില അതീവ ഗുരുതരമാണ്. ജിലീബ് അൽ ഷുയൂഖ് ബ്ളോക്ക് നാലിൽ നിന്ന് വാങ്ങിയ മദ്യം കഴിച്ച അഹ്‌മദിയ, ഫർവാനിയ ഗവർണറേറ്റുകളിൽ നിന്നുള്ളവരാണ് ദുരന്തത്തിനിരയായത്.
അതിനിടെ, വ്യാജമദ്യ നിർമാണകേന്ദ്രം നടത്തിപ്പുകാരായ രണ്ട് ഏഷ്യക്കാരെ കുവൈത്ത് പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. മദ്യനിരോധനമുള്ള കുവൈത്തിൽ വ്യാജമദ്യം നിർമിച്ച് വിതരണം ചെയ്‌തവരുടെ വിവരങ്ങൾ അധികൃതർ ശേഖരിക്കുന്നുണ്ട്.
ഒരേ സ്‌ഥലത്ത് നിന്ന് മദ്യം സംഘടിപ്പിച്ച് വിവിധ സ്‌ഥലങ്ങളിൽ കൊണ്ടുപോയി കഴിച്ചവർ ഞായറാഴ്‌ച മുതലാണ് ചികിൽസ തേടി ആശുപത്രികളിൽ എത്തിത്തുടങ്ങിയത്. ലേബർ ക്യാമ്പുകൾ അധികമുള്ള ഇടങ്ങളിലായിരുന്നു ദുരന്തം. കഴിഞ്ഞ മേയിലും വിഷമദ്യം കഴിച്ച് നേപ്പാൾ സ്വദേശികൾ ഇവിടെ മരിച്ചിരുന്നു.
കണ്ണൂർ സ്വദേശി സച്ചിൻ മൂന്നുവർഷമായി കുവൈത്തിൽ ജോലി ചെയ്യുകയാണ്. ഏതാനും മാസം മുമ്പാണ് നാട്ടിൽ നിന്ന് മടങ്ങിയത്. മൃതദേഹം നാളെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പുലർച്ചെ കോഴിക്കോട് വിമാനത്താവളത്തിക്കുന്ന മൃതദേഹം, രാവിലെ എട്ടിന് വീട്ടിലെത്തിക്കും. ഇരിണാവ് പൊങ്കാരൻ മോഹനന്റെയും ഗിരിജയുടെയും മകനാണ്. ഭാര്യ: ഷിബിന. മകൾ: സിയ.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ