കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരിയിൽ അകലാപ്പുഴയ്‌ക്ക് കുറുകെ നിർമിക്കുന്ന തോരായിക്കടവ് പാലം തകർന്ന സംഭവത്തിൽ ഉടൻ നടപടി ഉണ്ടാകുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. അന്വേഷണ റിപ്പോർട് കിട്ടിയ ശേഷമാകും തുടർനടപടി. മിൻവിധിയോടെ സമീപിക്കുന്നില്ല. പാലം നിർമാണം വൈകാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, പാലം തകർന്ന സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. നിർമാണത്തിൽ ഉദ്യോഗസ്‌ഥരും ജനപ്രതിനിധികളും മേൽനോട്ടം നടത്തിയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. നിർമാണ പ്രവൃത്തിക്ക് വേഗത ഉണ്ടായിരുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു. ഇന്നലെ നടന്ന അപകടത്തിൽ ഒരു തൊഴിലാളിക്ക് പരിക്കേറ്റിരുന്നു.
കൊയിലാണ്ടി, ബാലശ്ശേരി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായിക്കടവിൽ പുതുതായി നിർമിക്കുന്ന പാലമാണ് ഇന്നലെ തകർന്നത്. ബീം ചെരിഞ്ഞ് വീണാണ് തൊഴിലാളികളിൽ ഒരാൾക്ക് പരിക്കേറ്റത്. പുഴയുടെ മധ്യത്തിലാണ് ബീം തകർന്നുവീണത്. സംഭവത്തിൽ, പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് അടിയന്തിര റിപ്പോർട് തേടിയിട്ടുണ്ട്. പ്രോജക്‌ട് ഡയറക്‌ടറോടാണ് റിപ്പോർട് ആവശ്യപ്പെട്ടത്.
നിർമാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമായി പറയുന്നത്. 23.82 കോടി രൂപ ചിലവിട്ട് കിഫ്‌ബി സഹായത്തോടെ നിർമിക്കുന്ന പാലമാണിത്. മഞ്ചേരി ആസ്‌ഥാനമായുള്ള പിഎംആർ കൺസ്‌ട്രക്ഷൻ കമ്പനിയാണ് പാലം നിർമിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് കേരള റോഡ് ഫണ്ട് ബോർഡ് പിഎംയു യൂണിറ്റിനാണ് മേൽനോട്ട ചുമതല.
2023 ജൂലൈയിൽ മുഹമ്മദ് റിയാസാണ് പാലത്തിന്റെ നിർമാണോൽഘാടനം നിർവഹിച്ചത്. 265 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലമാണിത്. അത്തോളി, പൂക്കാട് നിവാസികളുടെ ഏറെക്കാലത്തെ ആവശ്യമാണ് ഈ പാലം. പാലം വരുന്നതോടെ അത്തോളി, ബാലുശ്ശേരി എന്നിവിടങ്ങളിൽ നിന്ന് നേരിട്ട് പൂക്കാട് എത്താം.
Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി