ന്യൂഡെൽഹി: ഇന്ത്യ-ചൈന ബന്ധത്തിൽ നിർണായക പുരോഗതി. ഇന്ത്യക്ക് വളവും അപൂർവ ഭൗമധാതുക്കളും തുരങ്കനിർമാണത്തിനുള്ള വൻകിട യന്ത്രങ്ങളും നൽകുന്നത് പുനരാരംഭിക്കാൻ ചൈന തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി അറിയിച്ചു.
രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ വാങ് യി വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങളിൽ ഉറപ്പ് നൽകിയത്. ഇന്ത്യക്ക് ഏറെ ആവശ്യമുള്ള യൂറിയ, ഡൈഅമോണിയം ഫോസ്ഫേറ്റ്, ഡിഎപി എന്നീ വളങ്ങളുടെയും അപൂർവ ഭൗമധാതുക്കളുടെയും തുരങ്ക നിർമാണ യന്ത്രങ്ങളുടെയും വിതരണം പുനഃസ്ഥാപിക്കുന്ന കാര്യം കഴിഞ്ഞമാസം ചൈനാ സന്ദർശനത്തിനിടെ ജയശങ്കർ ഉന്നയിച്ചിരുന്നു.
ഇന്ത്യക്ക് ആവശ്യമായ വളങ്ങളുടെ 30 ശതമാനവും ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്. വാഹന നിർമാണത്തിന് ആവശ്യമായ ധാതുക്കളും റോഡ്-തുരങ്ക നിർമാണത്തിനും ആവശ്യമായ കൂറ്റൻ യന്ത്രങ്ങളും വിതരണം ചെയ്തത് ചൈനയായിരുന്നു. എന്നാൽ, അതിർത്തിയിലെ സംഘർഷ സാഹചര്യത്തിൽ ഒരുവർഷം മുമ്പാണ് ഇവയുടെ ഇറക്കുമതി ചൈന നിർത്തിയത്.
അതേസമയം, ഇരുരാജ്യങ്ങൾക്കുമിടയിലെ അതിർത്തി പ്രശ്നങ്ങൾ ഇന്നലത്തെ ചർച്ചയിൽ വിഷയമായില്ല. ഇന്ന് ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പ്രതിനിധി സംഘത്തെ വാങ് യി കാണുന്നുണ്ട്. അതിർത്തി വിഷയങ്ങൾ ഈ കൂടിക്കാഴ്ചയിലാകും ചർച്ച ചെയ്യപ്പെടുക. ഇന്ന് വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വാങ് യി കാണും.
അതിനിടെ, തായ്വാൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്ന കാര്യം ജയശങ്കർ വാങ് യിയെ അറിയിച്ചു. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ നിലപാടുകൾ ഇരു മന്ത്രിമാരും നേരിട്ട് ചർച്ച ചെയ്തില്ലെങ്കിലും നിലവിലെ ആഗോള സാഹചര്യത്തിൽ ഇന്ത്യയും ചൈനയും ഒന്നിച്ചു നിൽക്കേണ്ടതിന്റെ ആവശ്യകതയും കൂടിക്കാഴ്ചയിൽ ചർച്ചയായി.
Most Read| വിസി നിയമനം; സേർച്ച് കമ്മിറ്റി രണ്ടാഴ്ചയ്ക്കകം രൂപീകരിക്കണം- സുപ്രീം കോടതി





































