ന്യൂഡെൽഹി: ഇന്ത്യ-ചൈന സൗഹൃദം ശക്‌തമാകുന്നു. ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ എത്രയും വേഗം പുനരാരംഭിക്കാൻ ധാരണയായി. അതിർത്തി വ്യാപാരം, കൈലാസ-മാനസസരോവർ തീർഥാടന യാത്രകൾ എന്നിവ തുടരാനും ധാരണയായതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യാ സന്ദർശനത്തിനെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയാണ് ഇക്കാര്യങ്ങളിൽ ഉറപ്പ് നൽകിയത്. നേരിട്ടുള്ള വിമാനയാത്രകൾ പുനരാരംഭിക്കുന്നതിനൊപ്പം വിനോദ സഞ്ചാരികൾക്കും ബിസിനസുകാർക്കും മാദ്ധ്യമപ്രവർത്തകർക്കും മറ്റു സന്ദർശകർക്കും ഇരുഭാഗത്തേക്കും വിസ അനുവദിക്കുന്നത് സുഗമമാക്കാനും ധാരണയായി.
ദോക് ലാം സംഘർഷത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങൾക്കുമിടയിലെ വിമാന സർവീസ് നിലച്ചത്. പിന്നാലെ കോവിഡ് മഹാമാരിയും എത്തിയതോടെ ഇത് നീളുകയായിരുന്നു. ലിപുലേഖ് ചുരം, ഷിപ്‌കി ചുരം, നാഥുലാ ചുരം എന്നിവയിലൂടെ അതിർത്തി വ്യാപാരം പുനരാരംഭിക്കാനും ഇന്ത്യയും ചൈനയും ധാരണയിൽ എത്തിയിട്ടുണ്ട്.
അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനായി പുതിയ മാർഗങ്ങൾ തേടാനും ധാരണയായി. സംഘർഷ സാഹചര്യം ലഘൂകരിക്കുന്നതിന് നയതന്ത്രതല, സൈനികതല ചർച്ചകളും ഇരുരാജ്യങ്ങളും തുടരും. രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പ്രധാനമത്രി നരേന്ദ്രമോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!