തിരുവനന്തപുരം: തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം ദിനം. നൻമയുടെ പൂവിളികൾ ഉയരുന്ന ശുഭദിനം. ഓണത്തിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള ലോകപ്രശസ്തമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. അത്തച്ചമയ ഘോഷയാത്രയോടെയാണ് കേരളത്തിൽ ഓണാഘോഷം തുടങ്ങുന്നത്.
രാവിലെ ഒമ്പത് മണിക്ക് മന്ത്രി എംബി രാജേഷ് ചടങ്ങ് ഉൽഘാടനം ചെയ്യും. പി രാജീവ് അത്തപ്പതാക ഉയർത്തും. നടൻ ജയറാമാണ് ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യുന്നത്. തൃപ്പൂണിത്തുറ ബോയ്സ് ഗ്രൗണ്ടിൽ നിന്നും തുടങ്ങുന്ന ഘോഷയാത്ര നഗരം ചുറ്റി അവിടെ തന്നെ അവസാനിക്കും. നടൻ പിഷാരടിയും ആഘോഷങ്ങളിൽ പങ്കെടുക്കും.
ആനയും അമ്പാരിയും നിശ്ച്ചല ദൃശ്യങ്ങളും നിരക്കുന്ന വർണശബളമായ കാഴ്ചകൾക്കാകും നഗരം ഇന്ന് സാക്ഷ്യം വഹിക്കുക. ഘോഷയാത്ര കണക്കിലെടുത്ത് തൃപ്പൂണിത്തുറയിൽ രാവിലെ എട്ടുമുതൽ വൈകീട്ട് മൂന്നുവരെ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾക്കായി 450 പോലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണവും ഇന്ന് മുതൽ ആരംഭിക്കും. സംസ്ഥാനതല ഉൽഘാടനം രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് ഹാളിൽ ഭക്ഷ്യമന്ത്രി ജിആർ അനിൽ നിർവഹിക്കും. 15 സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യ കിറ്റാണ് നൽകുന്നത്. 5,92,657 മഞ്ഞകാർഡുകാർക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും ഒരു കിറ്റ് എന്ന നിലയിലാണ് നൽകുക.
ഓണക്കിറ്റിൽ തുണി സഞ്ചി ഉൾപ്പടെ 15ഇനം സാധനങ്ങളാണ് ഉള്ളത്. ഒരുകിലോ പഞ്ചസാര, അരക്കിലോ വെളിച്ചെണ്ണ, 250 ഗ്രാം തുവരപ്പരിപ്പ്, 250 ഗ്രാം ചെറുപയർ പരിപ്പ്, 250 ഗ്രാം വൻപയർ, 50 ഗ്രാം കശുവണ്ടി, 50 എംഎൽ നെയ്, 250 ഗ്രാം തേയില, പായസം മിക്സ് 250 ഗ്രാം, സാമ്പാർ പൊടി 100 ഗ്രാം, ശബരി മുളക് 100 ഗ്രാം, മഞ്ഞൾപ്പൊടി 100 ഗ്രാം, മല്ലിപൊടി 100 ഗ്രാം, ഉപ്പ് ഒരുകിലോ എന്നിവയാണ് സാധനങ്ങൾ.
സെപ്തംബർ നാലിനകം വിതരണം പൂർത്തിയാക്കണം. അതേസമയം, ഒരു റേഷൻ കാർഡിന് 20 കിലോ അരി 25 രൂപാ നിരക്കിൽ ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ബിപിഎൽ-എപിഎൽ കാർഡ് എന്ന വ്യത്യാസം ഇല്ലാതെ ഇത് ലഭിക്കും.
Most Read| തറയ്ക്കടിയിൽ നിന്ന് രക്തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!