പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടം നവംബർ 6നും രണ്ടാംഘട്ടം 11നും നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നവംബർ 14നാണ് വോട്ടെണ്ണൽ.
ബിഹാറിൽ ആകെ 7.43 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 3.92 കോടി പുരുഷൻമാരും 3.5 കോടി സ്‌ത്രീകളും ഉൾപ്പെടുന്നുണ്ട്. 14 ലക്ഷം പുതിയ വോട്ടർമാരാണ്. സംസ്‌ഥാനത്തൊട്ടാകെ 90,712 പോളിങ് സ്‌റ്റേഷനുകൾ സജ്‌ജീകരിക്കും. ഇതിൽ 1044 എണ്ണം സ്‌ത്രീകൾ കൈകാര്യം ചെയ്യുന്ന പോളിങ് സ്‌റ്റേഷനുകളിലായിരിക്കും. എല്ലായിടത്തും വെബ് കാസ്‌റ്റ് ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
ഇത്തവണ യാതൊരു പ്രശ്‌നങ്ങളുമില്ലാതെ തിരഞ്ഞെടുപ്പ് നടത്താനാണ് ശ്രമിക്കുന്നതെന്ന് കമ്മീഷണർ അറിയിച്ചു. വോട്ടർപട്ടിക ശുദ്ധീകരിക്കുന്നത് എങ്ങനെയാണെന്ന് രാജ്യത്തെ മറ്റുള്ളവർക്ക് ബിഹാർ കാണിച്ചു കൊടുത്തെന്നും അദ്ദേഹം പറഞ്ഞു. വോട്ടർപട്ടിക ശുദ്ധീകരണ പ്രക്രിയ ജൂൺ 24 മുതൽ സംസ്‌ഥാനത്ത് ആരംഭിച്ചിരുന്നു.
ഓഗസ്‌റ്റ് ഒന്നിന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. സെപ്‌തംബർ 30ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ബിഹാർ നിയമസഭയുടെ കാലാവധി നവംബറിലാണ് അവസാനിക്കുന്നത്. 243 നിയമസഭാ മണ്ഡലങ്ങളാണ് സംസ്‌ഥാനത്തുള്ളത്. ഇക്കുറി എൻഡിഎയും ഇന്ത്യ സഖ്യവും തമ്മിലാണ് മൽസരം.
ബിജെപി ജനതാദൾ (യുനൈറ്റഡ്), ലോക് ജൻശക്‌തി പാർട്ടി എന്നിവയുമാണ് എൻഡിഎ സഖ്യത്തിലുള്ളത്. ആർജെഡി നയിക്കുന്ന പ്രതിപക്ഷ സഖ്യത്തിൽ കോൺഗ്രസും ഇടതുപാർട്ടികളും ഉൾപ്പെടും.
ബിജെപി (80), ജെഡിയു (45), ആർജെഡി (77), കോൺഗ്രസ് (19) എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില. 2020ലെ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായാണ് നടന്നത്. ഒക്‌ടോബർ 28ന് ആദ്യഘട്ടം. നവംബർ മൂന്നിനും ഏഴിനും രണ്ടും മൂന്നും ഘട്ടം. നവംബർ പത്തിന് ഫലം പ്രഖ്യാപിക്കുകയും ചെയ്‌തു. 2015ലെ തിരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളായാണ് നടന്നത്.
Most Read| പാലിയേക്കര ടോൾ പിരിവ് വീണ്ടും നിരോധനം നീട്ടി ഹൈക്കോടതി








































